ശിവശങ്കറെ എത്രസമയം ചോദ്യംചെയ്താലും സര്‍ക്കാരിന് ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: എം ശിവശങ്കറെ എന്‍ഐഎ
എത്രസമയം ചോദ്യംചെയ്താലും സര്‍ക്കാരിന്
അതില്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി
വിജയന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മുന്‍
പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി
സെക്രട്ടറിയുമായ ശിവശങ്കറെ
പത്തുമണിക്കൂറില്‍ അധികമായി എന്‍ഐഎ
ചോദ്യംചെയ്യുന്നതില്‍ സര്‍ക്കാരിന്
ആശങ്കയുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ
ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്.
സര്‍ക്കാരിന് എന്താണ്
ആശങ്കപ്പെടാനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
‘എന്‍ഐഎ അന്വേഷണം നടക്കുകയാണ്.
അതിന്റെ ഭാഗമായി എത്രസമയം
ചോദ്യംചെയ്യണം, എത്ര തവണ
ചോദ്യംചെയ്യണം, ചോദ്യം ചെയ്യലിന്റെ
ഭാഗമായി എന്ത് നിലപാട് എടുക്കണം
എന്നിവയെല്ലാം എന്‍ഐഎയാണ്
തീരുമാനിക്കേണ്ടത്. സര്‍ക്കാരിന് അതില്‍ ഒരു
കാര്യവുമില്ല. ഇക്കാര്യം നേരത്തെതന്നെ
വ്യക്തമാക്കിയതാണ്’-മുഖ്യമന്ത്രി പറഞ്ഞു.
നിയമനങ്ങളുമായി ബന്ധപ്പെട്ട
പിഴവുകള്‍ അല്ലാതെ സ്വര്‍ണക്കടത്ത് കേസിലെ
പ്രതികളുമായി ശിവശങ്കറിന് എന്തെങ്കിലും
തരത്തിലുള്ള ബന്ധമുണ്ടെന്ന സംശയമോ
ബോധ്യമോ മുഖ്യമന്ത്രിക്കുണ്ടോ എന്ന
ചോദ്യത്തോട് അദ്ദേഹം ക്ഷുഭിതനായി.
എന്തൊരു അബദ്ധചോദ്യമാണ് നിങ്ങള്‍
ചോദിക്കുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി.
എന്‍ഐഎ അന്വേഷണം നടത്തുകയാണ്.
അതിന്റെ ഭാഗമായി തെളിവുകള്‍
ശേഖരിക്കുന്നു. ഈ ഘട്ടത്തില്‍ തന്റെ
ബോധ്യമാണോ ഇവിടെ പ്രധാനം? അതാണോ
ഇവിടെ പറയേണ്ടത്. വസ്തുതകളുടെ
അടിസ്ഥാനത്തില്‍ എന്‍ഐഎ ഒരു
നിഗമനത്തിലെത്തട്ടെ. അതുവരെ
കാത്തിരിക്കുകയല്ലേ വേണ്ടത്?
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍
സിപിഎമ്മും ബിജെപിയും തമ്മില്‍
ധാരണയുണ്ടാക്കിയെന്നും നിയമസഭാ
തിരഞ്ഞെടുപ്പിനു മുമ്പ് ഒത്തുതീര്‍പ്പിലേക്ക്
പോകുന്നുവെന്നുമുള്ള കെപിസിസി അധ്യക്ഷന്റെ
ആരോപണം മാധ്യമ പ്രവര്‍ത്തകര്‍
ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മുഖ്യമന്ത്രി
പ്രതികരിച്ചില്ല. മറുപടി അര്‍ഹിക്കാത്തതിനാല്‍
ഉത്തരം പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ക്ക് വേണ്ടത്
ഇതൊക്കെയാണ്. ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍
അഭിരമിക്കുന്നതാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രി
പറഞ്ഞു. സംസ്ഥാനത്ത് കണ്‍സള്‍ട്ടന്‍സി
രാജാണെന്ന ആരോപണവും അദ്ദേഹം തള്ളി.
കണ്‍സള്‍ട്ടന്‍സി ഇവിടെ പണ്ടേയുണ്ട്. ഇപ്പോള്‍
തുടങ്ങിയതല്ല. യുഡിഎഫ് കാലത്ത് ഇഷ്ടംപോലെ
ഉണ്ടായിരുന്നു. അത്രത്തോളം ഇപ്പോള്‍ ഇല്ല
എന്നതാണ് വസ്തുത.