ദുരിതാശ്വാസം: മദ്യത്തിന് നികുതി കൂടും; പ്രതീക്ഷിക്കുന്നത് 250 കോടി

തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽപ്പെട്ട കേരളത്തെ കരകയറ്റാൻ ദുരിതാശ്വാസ ധനം കണ്ടെത്താൻ മദ്യത്തിന് നികുതി കൂട്ടും. നാല് മുതൽ പത്ത് ശതമാനം വരെ ആകും നികുതി വർദ്ധന. വർദ്ധനവിലൂടെ 250 കോടി സമാഹരിക്കാനാണ് ശ്രമം.നവംബർ 30 വരെ അധിക നികുതി ഈടാക്കാൻ ആണ് നിലവിലെ തീരുമാനം. നിലയിൽ 210 ശതമാനം വരെ നികുതി ഈടാക്കുന്നുണ്ട്. പ്രളയ ബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആണ് നിലവിലെ നികുതി വർദ്ധനവ്.

ഇതേ സമയം പ്രളയ ദുരന്തത്തിൽപ്പെട്ട കേരളത്തെ സഹായിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്നും അവര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും, വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ ജിഎസ്ടിക്ക് പുറമേ പത്ത് ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിന്‍റെ പുനരുദ്ധാരണത്തിനായി യുഎഇ സര്‍ക്കാര്‍ 700 കോടി നല്‍കുമെന്ന വിവരവും മുഖ്യമന്ത്രി ഇന്ന് അറിയിച്ചു.