ബിജെപിയുടെ സമ്മര്‍ദ്ദത്തിന് ഗവര്‍ണര്‍ വഴങ്ങുന്നു; നയ പ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കി

തിരുവനന്തപുരം: ഒരു മണിക്കൂര്‍ ഇരുപത്തിയഞ്ച് മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിക്കുന്നതും കേന്ദ്ര വിരുദ്ധവുമായ പരാമര്‍ശങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. ഒഴിവാക്കിയത് പ്രസംഗത്തിലെ അഞ്ചാം പേജില്‍ അവസാന ഭാഗത്തുള്ള ഏതാനും വരികളാണ്. ‘ചില വര്‍ഗീയ സംഘടനകള്‍ ആസൂത്രണം ചെയ്തിരുന്നു എങ്കില്‍പ്പോലും നമ്മുടെ സംസ്ഥാനത്ത് യാതൊരു രീതിയിലുമുള്ള വര്‍ഗീയ ലഹളയും ഉണ്ടായിട്ടില്ല’- ഇതായിരുന്നു പ്രസംഗത്തിലെ അഞ്ചാം പേജിലെ ഒരു വരി. ഇതില്‍ ‘ചില വര്‍ഗീയ സംഘടനകള്‍ ആസൂത്രണം ചെയ്തിരുന്നു എങ്കില്‍പ്പോലും’ എന്ന ഭാഗം ഗവര്‍ണര്‍ പ്രസംഗത്തില്‍ നിന്നും ഒഴിവാക്കി.


‘സഹകരണ ഫെഡറലിസത്തെ അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാരിനെ മറികടന്നുകൊണ്ട് ജില്ലാ ഭരണാധികാരികളുമായും തദ്ദേശ സ്ഥാപനങ്ങളുമായും നേരിട്ട് ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രവണത നമ്മെ അസ്വസ്ഥമാക്കുന്നുണ്ട്’ എന്ന ഭാഗവും പ്രസംഗത്തില്‍ നിന്ന് ഗവര്‍ണര്‍ ഒഴിവാക്കി. സമയക്കുറവ് കൊണ്ട് മുഴുവന്‍ വായിക്കാതെ പ്രസംഗം അവസാനിപ്പിക്കുക പതിവുണ്ടെങ്കിലും ഗവര്‍ണര്‍ പി സദാശിവത്തിന്റെ നടപടി അത്തരത്തിലൊന്നായിരുന്നില്ല. പ്രസംഗത്തിലെ ഈ രണ്ട് വരികള്‍ ഒഴികെ മറ്റെല്ലാ ഭാഗങ്ങളും ഗവര്‍ണര്‍ വായിച്ച് തീര്‍ക്കുകയും ചെയ്തു.