കെ.ഗോപാലകൃഷ്ണന് മലപ്പുറത്തേക്ക് മാറ്റം, അഞ്ജന കോട്ടയം കളക്ടര്‍

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലാ കളക്ടറായി മാറ്റി നിയമിക്കുവാന്‍ മന്ത്രിസഭ തീരുമാനിച്ചു. ആലപ്പുഴ ജില്ലാ കളക്ടര്‍ എം.അഞ്ജനയെ കോട്ടയം ജില്ലാ കളക്ടറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു.
ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷിമൃണ്‍മയി ശശാങ്കിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജലനിധി, ഡെപ്യൂട്ടി സെക്രട്ടറി ജലവിഭവ (നാഷണല്‍ ഹൈഡ്രോളജി & ഡ്രിപ്പ് പ്രോജക്ട്‌സ് & വാട്ടര്‍ റിസോഴ്‌സസ് പ്രോജക്ട്‌സ് അണ്ടര്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്) വകുപ്പ് എന്നീ അധിക ചുമതലകള്‍ കൂടി ഇവര്‍ തുടര്‍ന്നും വഹിക്കും.
സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ നരസിംഹുഗാരി ടി.എല്‍ റെഡ്ഡിയെ രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആയി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു.

പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഹരിതാ വി കുമാറിന് സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കുവാന്‍ തീരുമാനിച്ചു.

പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുമായ ഡോ. രേണുരാജിനെ നഗരകാര്യ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു.

കേരള പുനര്‍നിര്‍മാണ പദ്ധതി

കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവെയുടെ വിശദമായ പദ്ധതിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചു 624.48 കോടിയാണ് ഇതിന് ചെലവ്.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് കീഴില്‍ ഏറ്റെടുത്തിട്ടുള്ള പൊതുമരാമത്ത് റോഡുകളുടെ പട്ടികയില്‍ എറണാകുളം ജില്ലയിലെ ആരക്കുന്നം-ആമ്പല്ലൂര്‍-പൂത്തോട്ട-പിറവം റോഡും പത്തനംതിട്ട ജില്ലയിലെ വയ്യാറ്റുപുഴ-പൊതിപ്പാട് റോഡും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

കേരള പുനര്‍നിര്‍മാണ പദ്ധതി മുഖേന കാസര്‍ഗോഡ് റവന്യൂ ഡിവിഷണല്‍ ഓഫീസ് കെട്ടിടം നിര്‍മിക്കാന്‍ 4 കോടി രൂപ അനുവദിച്ചു.

ഒ.ബി.സി പട്ടിക

പത്മശാലി സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.