ഭാരത് രത്ന ഉസ്താദ് ബിസ്മില്ലാ ഖാന്റെ 102ാം ജന്മദിനം ഇന്ന്; ആദരവര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

ലോകപ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ ഭാരത് രത്ന ഉസ്താദ് ബിസ്മില്ലാ ഖാന്റെ 102-ാം ജന്മദിനം ഇന്ന്. ജന്മദിനത്തോടനുബന്ധിച്ച് ഗൂഗിള്‍ ഉസ്താദ് ബിസ്മില്ലാഖാന്റെ ഓര്‍മ്മയ്ക്കായി ഡൂഡില്‍ അവതരിപ്പിച്ചു. മുഗള്‍ സംഗീത മായിക ലോകത്തേക്ക് അനുവാചകനെ നയിച്ചിരുന്ന ഷെഹിനായി വാദകന്‍ വിടപറഞ്ഞിട്ടും അദ്ദേഹം ഉണര്‍ത്തിയ നാദ തരംഗങ്ങള്‍ ഇന്നും ഇന്ത്യന്‍ സംഗീത ലോകത്തെ പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. മുഗള്‍ സംഗീതവാദനകേന്ദ്രമായ നക്വര്‍ഖാനയിലെ പതിവ് വാദകരായിരുന്ന ബിഹാര്‍ ബോജ്പൂരിലെ സംഗീതജ്ഞ കുടുംബത്തില്‍ 1916ലായിരുന്നു ബിസ്മില്ലയുടെ ജനനം. കൊട്ടാരം സംഗീത വിദഗ്ദ്ധരായിരുന്നു അവര്‍. ഷെഹ്നായിവാദനത്തില്‍ ഒന്നാമനായി വളര്‍ന്ന അദ്ദേഹത്തിന്റെ സംഗീതാവതരണം രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനചടങ്ങിലും പിന്നീട് ഇന്ത്യയുടെ ആദ്യ റിപ്പബ്ളിക് ദിന ചടങ്ങിലും നടന്നിരുന്നു. പിന്നീട് സ്വാതന്ത്ര്യദിനചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞാല്‍ തൊട്ടുത്ത് ബിസ്മില്ലയുടെ ഷെഹിനായി ഒഴിവാക്കാനാവാത്ത ഒരു ചടങ്ങായി കേഴികേട്ടു. വിമാനത്തിലേറുന്നതിനുള്ള ഭയം മൂലം വിദേശ വേദികള്‍ ഉപേക്ഷിച്ചതിലൂടെയും ബിസ്മില്ലാഖാന്‍ ശ്രദ്ധേയനായി. ആദ്യം മക്കയിലും മദീനയിലും കൊണ്ടുപോകാമെന്ന ഉറപ്പില്‍ 1966ല്‍ എഡിന്‍ബര്‍ഗ് മേളയില്‍ അദ്ദേഹം സംഗീതം അവതരിപ്പിച്ചു.ഭാരത് രത്നകൂടാതെ പത്മവിഭൂഷണ്‍,പത്മഭൂഷണ്‍,പത്മശ്രീ എന്നിവയും സംഗീതനാടക അക്കാഡമി അവാര്‍ഡുകളും ലഭിച്ചിരുന്നു. 2006 ഓഗസ്റ്റ് 21ന് 90-ാം വയസില്‍ ആ മാസ്മര സംഗീതം ഓര്‍മ്മയായി.