പൈ ദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

പൈ ദിനത്തിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. കണക്കിലെ ഒരു സംഖ്യയാണ് പൈ. 1989ല്‍ ഭൗതിക ശാസ്ത്രജ്ഞനായ ലാറി ഷായാണ് പൈ ദിനം ആഘോഷിക്കുന്നതിന് തുടക്കം കുറിച്ചത്. ഷാ ജോലി ചെയ്തിരുന്ന സാന്‍ഫ്രാന്‍സിസ്‌കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിച്ചത്.

സഹപ്രവര്‍ത്തകരോടൊപ്പം ഒരു വൃത്തരൂപത്തില്‍ പൈ എന്ന ഭക്ഷണപദാര്‍ഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്. ഇന്നും ഈ എക്സ്പ്ലോററ്റോറിയത്തില്‍ പൈ ദിനം ആഘോഷിക്കുന്നത് തുടരുകയാണ്.

2004ലെ പൈ ദിനത്തില്‍ പൈയുടെ 22,514 ദശാംശം വരെയുള്ള അക്കങ്ങള്‍ നോക്കിവായിച്ചുകൊണ്ട് വാര്‍ത്തകളില്‍ ഇടം നേടി. 2009 മാര്‍ച്ച് 12നാണ് പൈ ദിനം ആഘോഷിക്കാനുള്ള ദിവസം അംഗീകരിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ ബില്‍ പാസാക്കിയത്.

2010ലെ പൈ ദിനത്തില്‍ ഗൂഗിള്‍ പ്രത്യേക ഡൂഡില്‍ അവതരിപ്പിച്ചു. ഗൂഗിള്‍ എന്ന പദം വൃത്തങ്ങളുടെയും പൈ ചിഹ്നങ്ങളുടെയും മുകളില്‍ നില്‍ക്കുന്നതാണ് ഈ ഡൂഡില്‍ ചിത്രീകരിക്കുന്നത്. 22 ജൂലൈയാണ് പൈ ദിനമായി ആചരിക്കുന്ന മറ്റൊരു ദിവസം. ദിവസം അല്ലെങ്കില്‍ മാസം എന്ന രീതിയില്‍ എഴുതുമ്പോള്‍ ഈ തീയതി 22/7 എന്നാണ് വായിക്കുന്നത്. അതിനാലാണ് ജൂലൈ 22 പൈ ദിനമായി ആചരിക്കുന്നത്.