ഗോവയില്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ്സ് രാജ്ഭവനില്‍

ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങളുടെ ചുവടുപിടിച്ച് ഗോവയിലും ബിഹാറിലും കരുനീക്കങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കൊണ്ഗ്രെസ്സ് ഉൾപ്പടെ ഉള്ള പ്രതിപക്ഷ പാർട്ടികൾ.

ഗോവയിലെ കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ വെള്ളിയാഴ്ച രാവിലെ തന്നെ രാജ്ഭവനിലെത്തി. ഗവര്‍ണ്ണര്‍ മൃദുലസിന്‍ഹയെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാനാണ് എംഎല്‍എമാര്‍ രാജ്ഭവനിലെത്തിയത്. കര്‍ണാടകത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഗവര്‍ണ്ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്സ്, എംഎല്‍എമാരായ 16 പേരുടെ ഒപ്പ് ശേഖരിച്ച് രാജ്ഭവനിലെത്തിയത്. കര്‍ണ്ണാടക ഗവര്‍ണ്ണറുടെ കീഴ്‌വഴക്കം ഗോവയിലും പിന്തുടരണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് രാജ്ഭവനിലെത്തിയത്.

2017ല്‍ നടന്ന ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ 40 അംഗ സഭയില്‍ 17 സീറ്റുമായി കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. എന്നാല്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി- ബിജെപി സഖ്യത്തെ ഗവര്‍ണ്ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു.