ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്, ഇന്ന് അമിത് ഷായുടെ സാന്നിധ്യത്തില്‍ അംഗത്വം എടുത്തേക്കും

പനാജി: ഗോവയിലെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കും. കഴിഞ്ഞ ദിവസം രാത്രി ദയാനന്ദ് സോപ്തെ, സുഭാഷ് ഷിരോദ്കര്‍ എന്നീ എംഎല്‍എമാര്‍ ഡല്‍ഹിക്ക് തിരിച്ചതോടെ ഈവരുടെ കൂറുമാറ്റ ചര്‍ച്ചകള്‍ ശക്തമായി. ഇന്ന് ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ഇവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇവര്‍ ഗോവയില്‍ നിന്ന് ഡല്‍ഹിക്ക് തിരിക്കും മുന്നെ ചര്‍ച്ചകള്‍ക്കായി ആരോഗ്യമന്ത്രി വിശ്വജിത് റാണെ ഡല്‍ഹിക്ക് തിരിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവെച്ച വിശ്വജിത് റാണെ ബിജെപിയില്‍ ചേര്‍ന്ന് വീണ്ടും മത്സരിച്ച് ജയിക്കുകയായിരുന്നു.

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതനായി ചികിത്സയിലായതോടെ ഗോവയില്‍ രാഷ് ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് രണ്ട് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ദയാനന്ദ് സോപ്തെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പര്‍സേക്കറെയാണ് പരാജയപ്പെടുത്തിയത്. ഷിരോദ മണ്ഡലത്തെയാണ് ശിരോദ്കര്‍ പ്രതിനിധീകരിക്കുന്നത്.

ഗോവയില്‍ ഭരണമില്ലാത്ത സ്ഥിതിയാണെന്നും തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചുവടുമാറുന്നത്. 16 എംഎല്‍എമാരുള്ള കോണ്‍ഗ്രസാണ് സംസ്ഥാന നിയമസഭയിലെ ഏറ്റവും വലിയ കക്ഷി.