ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ അന്തരിച്ചു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ അന്തരിച്ചു. കഴിഞ്ഞ ദിവസം മുതല്‍ അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹം. പാന്‍ക്രിയാസിലെ ക്യാന്‍സര്‍ ബാധയ്ക്ക് ദീര്‍ഘ നാളുകളായി ഇദ്ദേഹം ചികിത്സയിലാണ്.

യുഎസിലും ഇന്ത്യയിലുമായി വിദഗ്ധ ചികിൽസയിലായിരുന്നു പരീക്കർ. ചികിൽസയിലായിട്ടും നിയമസഭയിൽ എത്താനും ജോലികൾ ചെയ്യാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേന്ദ്രപ്രതിരോധമന്ത്രിയും നാലു തവണ മുഖ്യമന്ത്രിയുമായിരുന്നു അദ്ദേഹം.

ഗോവയിലെ മാപുസയിൽ 1955 ഡിസംബർ 13–ന് ജനിച്ച മനോഹർ പരീക്കർ ആർഎസ്എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി. മുംബൈ ഐഐടിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം ബിജെപിയിലൂടെ 1994–ൽ നിയമസഭാംഗമായി. രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ 2000 ഒക്ടോബറിൽ ബിജെപി ആദ്യമായി ഗോവയിൽ ഭരണത്തിലെത്തിയപ്പോൾ പരീക്കറെയാണ് മുഖ്യമന്ത്രിസ്ഥാനം ഏൽപ്പിച്ചത്. 2002 ഫെബവരിയിൽ നിയസഭ പിരിച്ചുവിട്ടെങ്കിലും തെരഞ്ഞെ‌ടുപ്പിനെ തുടർന്ന് കൂട്ടകക്ഷി മന്ത്രിസഭയെ നയിച്ച് ജൂണിൽ വീണ്ടും മുഖ്യമന്ത്രിയായി . 2005–ൽ ഭരണം നഷ്ടപ്പെട്ടു. 2012–ൽ മൂന്നാം വട്ടം മുഖ്യമന്ത്രിസ്ഥാനത്ത്. 2014–ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് കേന്ദ്രപ്രതിരോധമന്ത്രിയായി. 2014 നവംബർ മുതൽ 2017 മാർച്ച് വരെ ആ സ്ഥാനത്ത് തുടർന്നു. 2017–ൽ മുഖ്യമന്തിസ്ഥാനം ഏറ്റെടുക്കാനായി രാജിവെച്ച മനോഹർ പരീക്കർ തന്റെ സ്ഥിരം മണ്ഡലമായ പനജിയിൽ വിജയിച്ച് നിയമസഭാംഗമായി.