മോദിക്ക് ക്ലീന്‍ ചിറ്റ് നൽകിയത് തന്റെ വിയോജിപ്പ് പരിഗണിക്കാതെ; അശോക് ലവാസ യോഗത്തില്‍ പങ്കെടുത്തില്ല

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷാപാതപരമായ നിലപാടെടുക്കുന്നുവെന്ന് വിയോജിപ്പ്‌ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കുന്നതിനെ എതിര്‍ത്ത അശോക് ലവാസ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. വിയോജിപ്പുകള്‍ രേഖപ്പെടുത്താന്‍ തയ്യാറാകാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിന് ശേഷം നടന്ന കമ്മീഷന്‍ യോഗങ്ങളിലൊന്നും അശോക് ലവാസ പങ്കെടുത്തിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രധാനമായും രണ്ട് പരാതികളിലാണ് അശോക് ലവാസ വിയോജിപ്പ് കാണിച്ചത്. ഒന്ന് ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രാഹുൽ ഗാന്ധി മത്സരിക്കാൻ തെരഞ്ഞെടുത്തതെന്ന മോദിയുടെ പരാമർശത്തിലും പുൽവാമയ്ക്ക് തിരിച്ചടി നൽകിയവർക്ക് വോട്ട് നൽകണമെന്ന പ്രസ്താവനയിലുമാണ് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ കൂടാതെ ലവാസയടക്കം രണ്ട് കമ്മീഷര്‍മാരാണ് കമ്മീഷനിലുള്ളത്. മെയ് നാലിന് ശേഷം നടന്ന കമ്മീഷന്‍ യോഗങ്ങളില്‍ സുനില്‍ അറോറയും മറ്റൊരു കമ്മീഷണറായ സുശീല്‍ ചന്ദ്രയും മാത്രമേ പങ്കെടുത്തിട്ടുള്ളുവെന്നാണ് റിപ്പോര്‍ട്ട്.

കമ്മീഷനിലെ ന്യൂനപക്ഷ തീരുമാനം രേഖപ്പെടുത്താതിനാല്‍ തുടര്‍ന്നുള്ള യോഗങ്ങളില്‍ വിട്ട് നില്‍ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നുവെന്ന് അശോക് ലവാസ സുനില്‍ അറോറക്ക് കത്തയച്ചിട്ടുണ്ട്. മെയ് നാലിനാണ് അദ്ദേഹം സുനില്‍ അറോറക്ക് കത്ത് നല്‍കിയത്.

ന്യൂനപക്ഷ തീരുമാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യാതെ പോകുന്നതിനാല്‍ കമ്മീഷന്റെ ചര്‍ച്ചകളില്‍ തന്റെ സാന്നിധ്യം അര്‍ത്ഥശൂന്യമായിരിക്കുമെന്നും ന്യൂനപക്ഷ തീരുമാനങ്ങള്‍ കമ്മീഷന്‍ രേഖപ്പെടുത്തുന്നത് പുനഃസ്ഥാപിക്കുന്നതിന് വേണ്ട നിയമനടപടികള്‍ ഞാന്‍ സ്വീകരിക്കുമെന്നും ലവാസ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കയച്ച കത്തില്‍ പറയുന്നു.

കത്ത് ലഭിച്ച ശേഷം അറോറ ലവാസയെ വിളിച്ച് വരുത്തുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ജൂഡീഷ്യല്‍ നടപടികളില്‍ മാത്രമാണ് ന്യൂനപക്ഷ തീരുമാനങ്ങള്‍ കൂടി രേഖപ്പെടുത്താറുള്ളത്. തിരഞ്ഞെപ്പ് ചട്ടലംഘന പരാതികള്‍ അത്തരത്തിലുള്ളതല്ലെന്നും അതിനാല്‍ രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്നുമാണ് സുനില്‍ അറോറ അദ്ദേഹത്തെ ധരിപ്പിച്ചത്.