പേരാമ്പ്രയിലെ പതിനാലുകാരിയുടെ മരണം ഷി​ഗെല്ല വൈറസ് ബാധിച്ചെന്ന് സംശയം

വടകര: കോഴിക്കോട് പേരാമ്പ്രയിലെ പതിനാലുകാരിയുടെ മരണം ഷി​ഗെല്ല വൈറസ് ബാധിച്ചെന്ന് സംശയം. ഞായറാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനി സനുഷ മരിച്ചത്. പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കടുത്ത വയറിളക്കവും ചർദ്ദിയുമാണ് സനുഷയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഉണ്ടായിരുന്നത്. രോഗം മൂർച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് സനുഷ മരിച്ചത്.

പിന്നീട് ​​രോ​ഗം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരുന്നു. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല.

ഇതിന് പിന്നാലെയാണ് കുട്ടിയുടെ മുത്തച്ഛനെയും സഹോദരിയെയും സമാന​രോ​ഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേത്തുടർന്ന് കുട്ടിയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് കേരളത്തിന് പുറത്തുള്ള വിദഗ്ധ ലാബുകളിലേക്ക് അയച്ചു. എന്നാൽ, പരിശോധനാഫലം ലഭിക്കാൻ വൈകുമെന്നാണ് അധികൃതർ പറയുന്നത്. 74 മണിക്കൂർ മുതൽ ഏഴ് ദിവസം വരെ കാലതാമസം എടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഷി​ഗെല്ല വൈറസ് ബാധയാണോ എന്ന് ഉറപ്പിക്കാനാകുകയുള്ളുവെന്നും ഡോക്ടർമാർ അറിയിച്ചു.