ജ്ഞാനപീഠ ജേതാവും ചലച്ചിത്രകാരനും നാടകകൃത്തുമായ ഗീരീഷ് കര്‍ണാട് അന്തരിച്ചു

ബെംഗളൂരു: ജ്ഞാനപീഠ ജേതാവും, ചലച്ചിത്രകാരനും, കന്നഡ സാഹിത്യകാരനും, നാടകകൃത്തുമായ ഗീരീഷ് കര്‍ണാട് (81) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം.

ദേശീയ പുരസ്‌കാരം നേടിയ സംസ്‌കാര(1970) എന്ന കന്നട ചലച്ചിത്രത്തിന്റെ സംവിധായകനാണ്. 1974-ല്‍ പദ്മശ്രീയും 1992-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം കര്‍ണാടിനെ ആദരിച്ചു. കന്നടയില്‍ എഴുതിയ ആദ്യത്തെ നാടകം യയാതിയും ഹയവദനയും രാജ്യാന്തര ശ്രദ്ധനേടി. തുഗ്ലക്ക് ഏറ്റവും പ്രധാനപ്പെട്ട രചനയായി അറിയപ്പെടുന്നു.

തുടര്‍ന്നുള്ള നാല് ദശകങ്ങളില്‍, ചരിത്രവും പുരാവൃത്തവും ഇതിവൃത്തമാക്കി സമകാലീന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന അതിപ്രശസ്തങ്ങളായ ഒട്ടനവധി നാടകങ്ങള്‍ അദ്ദേഹം രചിച്ചു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ നിരവധി ബഹുമതികളദ്ദേഹം കരസ്ഥമാക്കി. കർണ്ണാടക സ്റ്റേറ്റ് നാടക അക്കാദമി (1976-78) കേന്ദ്ര സംഗീതനാടക അക്കാദമി (1988-93) എന്നിവയുടെ അധ്യക്ഷസ്ഥാനം വഹിച്ചു. ഗിരീഷിന്റെ ഏറ്റവും വിഖ്യാതമായ കാട് എന്ന ചിത്രം ബനഗലിനോടൊപ്പം നവഭാരതത്തിലെ പുതിയ ഗ്രാമീണ ജീവിത ചിത്രീകരണ ശൈലി പിൻതുടർന്നു.

ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറും ഫുൾബ്രൈറ്റ് സ്‌കോളറുമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.

1938 മെയ് 19ന് മഹാരാഷ്ട്രയിലെ മാതേണിലാണ് ജനിച്ചത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് റോഡ്സ് സ്‌കോളര്‍ഷിപ്പിനോടൊപ്പം തത്ത്വശാസ്ത്രത്തിലും രാഷ്ട്ര മീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. 1963-ൽ ഓക്‌സ്‌ഫെഡ് യൂണിയൻ എന്ന സംഘടനയുടെ അധ്യക്ഷസ്ഥാനവും സ്വീകരിച്ചു.