ലാലേട്ടനെ തേടി കടൽ കടന്നൊരു സ്നേഹസമ്മാനം

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് സൗദി അറേബ്യന്‍ പൗരന്റെ സമ്മാനം. ജിമിക്കി കമ്മൽ എന്ന പാട്ടിന്റെ വിഡിയോ ആൽബം ചെയ്താണ് ഷെയ്ഖ് ഹാഷിം അബ്ബാസ് പ്രിയ നടനോടുള്ള ഇഷ്ടം തെളിയിച്ചത്.

ജിമിക്കി കമ്മൽ പാട്ടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ വിഡിയോ മോഹൻലാലിനും അദ്ദേഹത്തിന്റെ ആരാധകർക്കുമായാണ് ഹാഷിം സമർപ്പിച്ചിരിക്കുന്നത്. കേരളത്തിൽ ഷൂട്ട് ചെയ്ത വിഡിയോയിൽ ഹാഷിമും ഒപ്പം ഒരു കൂട്ടം ചെറുപ്പക്കാരുമാണുള്ളത്. മോഹൻലാലിനോടുള്ള ഇഷ്ടമാണ് തന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതെന്ന് അദ്ദേഹം പറയുന്നു. ക്യൂനിലെ ലാലേട്ടന്‍ പാട്ടും വിഡിയോയുടെ അദ്യ ഭാഗത്തുണ്ട്.

അടുത്ത കാലത്ത് മോഹൻലാലിനെ കുറിച്ച് അറിഞ്ഞ ഹാഷിം സുഹൃത്തുക്കളായ മലയാളികളോട് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. തങ്ങളുടെ പ്രിയ താരത്തെക്കുറിച്ച് അവർ പറഞ്ഞ കാര്യങ്ങൾ കൂടി അറിഞ്ഞതോടെ നേരെ കേരളത്തിലേക്ക് വണ്ടി വിട്ടു ഹാഷിം. റിയാദില്‍ താമസിക്കുന്ന ഇദ്ദേഹം കജൂര്‍ ഡേറ്റ്‌സ് എന്ന പ്രശസ്തമായ ഈന്തപ്പഴ കമ്പനിയുടെ ഉടമ കൂടിയാണ്.