യു.പിയിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 10 മരണം

ലഖ്‌നൗ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉത്തര്‍പ്രദേശിലെ മൗവില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ മൗ ജില്ലയിലെ മൊഹമ്മദാബാദിലായിരുന്നു അപകടം. കെട്ടിടത്തിലെ ഒരു സ്ത്രീ രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നാണ് റിപ്പോര്‍ട്ട്.

കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് നിരവധിപേര്‍ താമസിക്കുന്ന ഇരുനില കെട്ടിടം തകര്‍ന്നുവീണത്. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.