അഞ്ചല്‍: അമ്മയുടെ മുന്നില്‍ വച്ചു യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എയെ സമീപിച്ച് ഒത്തുതീര്‍പ്പിന് ശ്രമിച്ചത് യുവാവിന്റെ അമ്മ തന്നെയാണ്. ഗണേഷിന്റെ പിതാവ് ആര്.ബാലകൃഷ്ണ പിള്ളയെ മറ്റൊരു ബന്ധുവഴി സമീപിച്ചാണ് അമ്മ ഷീന ഒത്തുതീര്‍പ്പിന് മുന്‍കൈ എടുത്തത്. മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്റെ ജോലിയെയും മറ്റും കേസ് ബാധിക്കുമെന്ന് ഭയന്നാണ് അമ്മ ഷീന ഇതിന് ശ്രമിച്ചത്. ഷീനയുടെ രഹസ്യമൊഴി കഴിഞ്ഞയാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു. കോടതിയില്‍ നിന്നുള്ള തീര്‍പ്പ് വരുന്നതിനു മുമ്പ് കേസ് പിന്‍വലിച്ചാല്‍ ഗണേഷിന് തടിയൂരാം.
കേസ് അടിയന്തരമായി ഒത്തുതീര്‍പ്പാക്കാന്‍ ഗണേഷിന്റെ താല്പര്യം അതാണ്. ഗണേഷ് മാപ്പു പറഞ്ഞ് തലൂരിയാല് അമ്മയ്ക്കും കുടുംബത്തിനും മാനഹാനി ഇല്ലാതെ തലയൂരാം.
കഴിഞ്ഞ ജൂണ്‍ 13ന് ഉച്ചയ്ക്ക് ഒന്നരയോടെ അഗസ്ത്യക്കോട് വച്ചാണ് അനന്തകൃഷ്ണന് എംഎല്‍എയുടെ മര്‍ദ്ദനമേറ്റത്. അമ്മയെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് മൊഴി. ഗണേഷ്കുമാറിന്റെ കാറിന് എതിര്‍ദിശയില്‍ കാറില്‍ വന്ന അനന്തകൃഷ്ണന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍, പ്രശ്നം ഇത്രവഷളാകുമെന്ന് ആ കുടുംബം കരുതിയില്ല. മാധ്യമങ്ങള്‍ ക്യാമറകളുമായി എത്തിയപ്പോള്‍ തുറന്നടിക്കുകയും ചെയ്തു. പോലീസിന് കേസ് ബലപ്പെടുത്താതെ വയ്യാതായി.
നിയമസഭയില്‍ ഉള്‍പ്പെടെ താന്‍ നിരപരാധിയാണെന്ന കാര്യം ഗണേഷ്കുമാര് ആവര്‍ത്തിച്ചിരുന്നു. മാധ്യമങ്ങള്‍ക്കു തന്നോടുള്ള ശത്രുതയാണു സംഭവത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷിനെതിരെ ദുര്‍ബല വകുപ്പുകളാണു ചുമത്തിയത്. മര്‍ദനമേറ്റ അനന്തകൃഷ്ണനെതിരെ കേസ് എടുക്കുകയും ചെയ്തു. പൊലീസിന്റെ ഈ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
എന്‍ജിനീയറിങ് ബിരുദധാരിയായ അനന്തകൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണു കേസെടുത്തിരിക്കുന്നത്. ജനപ്രതിനിധിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു എന്നാണു കേസ്.
ഷീനയുടെ ഭര്‍ത്താവ് വിദേശത്തു നിന്ന് എത്തിയിട്ടുണ്ട്.