ദലൈലാമയ്ക്കൊപ്പം പുരസ്കാരം പങ്കിട്ട് പിണറായി വിജയൻ

തിരുവനന്തപുരം: കേരളം മുഖ്യമന്ത്രി പിണറായി വിജയന് ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷന്റെ ഗാന്ധിദർശൻ പുരസ്‌കാരം. മികച്ച മുഖ്യമന്ത്രിക്കുമുള്ള ഗാന്ധിദർശൻ ദേശീയപുരസ്‌കാരമാണ് പിണറായിക്ക് നൽകുന്നത്. മൂന്നുലക്ഷം രൂപയുടെ അന്തർദേശീയ പുരസ്‌കാരം തിബറ്റ് ആത്മീയാചാര്യൻ ദലൈലാമയ്ക്ക്. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കു മികച്ച പാർലമെന്റേറിനുള്ള ഗാന്ധിദർശൻ ദേശീയപുരസ്‌കാരം നൽകും.

ശ്രീ ശ്രീ രവിശങ്കർ, മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത (സ്പിരിച്വൽ സർവീസ് അവാർഡ്), ലക്ഷ്മിക്കുട്ടിയമ്മ (മാനുഷസേവനം), ഡോ.ടി.കെ.ജയകുമാർ (മെഡിക്കൽ സർവീസ്), എം.എ.യൂസഫലി, ബി.ആർ.ഷെട്ടി, ബി.ഗോവിന്ദൻ (ബിസിനസ്), ജോസഫ് പുലിക്കുന്നേൽ (ജീവകാരുണ്യമേഖലയിലെ മരണാനന്തര പുരസ്‌കാരം) എന്നിവർക്കാണ് മറ്റു പുരസ്‌കാരങ്ങൾ. ഒരു ലക്ഷം രൂപയുടേതാണ് ദേശീയ പുരസ്‌കാരങ്ങൾ.

ജസ്റ്റിസ് കെ.ടി.തോമസ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. തിരുവനന്തപുരത്ത് ജനുവരി 30-ന് ആദ്യ ഗാന്ധിയൻ ആശയപ്രചാരണസമ്മേളനം നടത്തും. ഫെബ്രുവരി 27-ന് ബെംഗളൂരുവിലും മാർച്ച് 4-ന് ഡൽഹിയിലും സമ്മേളനങ്ങളുണ്ടാകും. ഈ സമ്മേളനങ്ങളിലാണ് പുരസ്‌കാരദാനമെന്ന് ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷൻ ഭാരവാഹികളായ ആറ്റിങ്ങൽ വിജയകുമാർ, ജേക്കബ് കുര്യാക്കോസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പി.ഡി.ടി. ആചാരിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.