ഈ നാലുപേര്‍ കര്‍ഷകര്‍ക്ക് നായകരാണ്; ബിജെപിയെ വിറപ്പിച്ച കര്‍ഷക സമരം നയിച്ചവരെ അറിയാം

മുംബൈ: ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്ക് മുതല്‍ മുംബൈ വരെ കര്‍ഷകര്‍ നടത്തിയ ലോങ് മാര്‍ച്ച് വിജയകരമായി അവസാനിക്കുമ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറച്ച് മുഖങ്ങളെ അറിയേണ്ടതുണ്ട്. നയിക്കാന്‍ നേതാക്കളാരും ഇല്ലാതെ തന്നെ ഇത്രയധികം കര്‍ഷകര്‍ ഒന്നിച്ചുവെന്ന് പറയുമ്പോളും അവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ അവരുടെ ഒപ്പം ഇവരാണ് ഉണ്ടായിരുന്നത്.

അശോക് ധാവ്‌ളേ, അജിത് നവാല്‍, ജീവ പണ്ഡു ഗവിത്, കിഷന്‍ ഗുജര്‍. വര്‍ഷങ്ങളുടെ അനുഭവങ്ങളുള്ള ഒരുപറ്റം നേതാക്കളോടൊപ്പം നിശ്ചയദാര്‍ഢ്യവും മുതിര്‍ന്ന നേതാക്കളുടെ ശിക്ഷണവും മാത്രം കൈമുതലായുള്ള അജിത് നവാലും കര്‍ഷകര്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ മാര്‍ച്ച് വിജയകരമാകുകയായിരുന്നു.

 

അശോക് ധാവ്‌ളേ

ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ ദേശീയാധ്യക്ഷനാണ് ഡോക്ടര്‍ കൂടിയായ അശോക് ധവാല്‍. ബോംബെ മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ഇദ്ദേഹം വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്എഫ്ഐയിലൂടെയാണ് ഇടത് പക്ഷത്തിന്റെ പ്രവര്‍ത്തകനായി മാറിയത്. ബോംബെ സര്‍വ്വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം പിന്നീട് രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു. എസ്എഫ്ഐയുടെ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായി വരെ പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥി ജീവിതത്തിന് ശേഷം ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

മുതിര്‍ന്ന ആദിവാസി നേതാവായ എല്‍.ബി ധങ്കാറിന്റെയും കൃഷ്ണ ഘോപ്കറിന്റെയും സ്വാധീനം അശോക് ധവാലിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഗോദാവരി പാരുലേക്കറിന്റെ മരണത്തോടെ ദുര്‍ബലമായ മഹാരാഷ്ട്രയിലെ ആള്‍ ഇന്ത്യ കിസാന്‍ സഭയെ ഉയര്‍ത്തെണീപ്പിച്ചതിന് പിന്നില്‍ അശോക് ധവാലിന്റെ തന്ത്രങ്ങളായിരുന്നു. സംസ്ഥാനത്തുടനീളം സഞ്ചരിച്ച് കര്‍ഷകരുമായി സംസാരിച്ച് അവരെ ഏകോപിപ്പിക്കുന്നതില്‍ അശോക് ധവാല്‍ വിജയിച്ചു. പ്രവര്‍ത്തന മികവിനുള്ള അംഗീകാരമെന്നോണം ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കാനും അവസരം ലഭിച്ചു.

2005 മുതല്‍ 2015 വരെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗമാണ് അശോക് ധവാല്‍. ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും ഇടത് പ്രവര്‍ത്തകയുമായ മറിയം ധാവ്‌ളേ ഭാര്യയാണ്.

അജിത് നവാല്‍

കിസാന്‍ ലോങ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ അജിത് നവാല്‍ കിസാന്‍ സഭയുടെ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയാണ് ആയുര്‍വേദ ഡോക്ടറായ നവാല്‍ അഹമ്മദ്നഗര്‍ ജില്ലയില്‍ കര്‍ഷകരെ ഒന്നിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. കിസാന്‍ സഭയുടെ മഹാരാഷ്ട്രയിലെ ആദ്യ യൂണിറ്റിന്റെ പ്രസിഡന്റായ ഭുവ നവാലിന്റെ കൊച്ചുമകനാണ് അജിത്. മറ്റ് നേതാക്കന്മാരില്‍ നിന്നും വ്യത്യസ്തമായി ഒരു വിധത്തിലുമുള്ള രാഷ്ട്രീയ അനുഭവമില്ലാതെയാണ് അജിത് കിസാന്‍ സഭയില്‍ പ്രവര്‍ത്തിക്കാനെത്തിയത്. പഠിക്കുന്ന സമയത്ത് പോലും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അണി ചേരാതെ, പ്രവര്‍ത്തിക്കാതെയുള്ള അജിത്തിന്റെ രാഷ്ട്രീയ പ്രവേശനം സിനിമാക്കഥയെ വെല്ലുന്നതാണ്.

ഭുവ നവാലിന്റെ വിയോഗത്തിന് ശേഷം രാഷ്ട്രീയവുമായി അകലം പാലിച്ച കുടുംബത്തില്‍ നിന്നും അപ്രതീക്ഷിതമായാണ് അജിത് രാഷ്ട്രീയത്തിലേക്കെത്തുന്നത്. അതിന് കാരണമായത് അശോക് ധാവ്‌ളേയും. ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ അശോക് ധാവ്‌ളേയുമായുള്ള സംഭാഷണമാണ് അജിത് നവാലിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. യാത്രയ്ക്കിടയില്‍ ഭുവ നവാലിനെക്കുറിച്ച് ധാവ്‌ളേ അജിത്തിനോട് ചോദിച്ചപ്പോഴാണ് തനിക്ക് അപ്പൂപ്പനെക്കുറിച്ച് വളരെ കുറച്ച് മാത്രം വിവരങ്ങളെ അറിയുള്ളൂ എന്ന് അജിത് തിരിച്ചറിഞ്ഞത്. യാത്രയില്‍ ധാവ്‌ളേ ഭുവ നവാലിനെക്കുറിച്ചും അദ്ദേഹം നടത്തിയ സമരങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുമെല്ലാം അജിതിന് പറഞ്ഞുകൊടുക്കുകയായിരുന്നു.യാത്രയ്ക്ക് ശേഷവും അജിത്തും ധാവ്‌ളേയും കൂടിക്കാഴ്ച്ചകള്‍ നടത്തുകയും സംസാരിക്കുകയും ചെയ്തു. ധാവ്‌ളേയുടെ സ്വാധീനം അജിത്തിന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ശേഷം അജിത് കിസാന്‍ സഭയുടെ നേതാവാകുകയായിരുന്നു.

പിന്നീടുള്ള അജിത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ 2017ല്‍ മഹാരാഷ്ട്രയില്‍ പ്രതിഷേധങ്ങളും അജിത്തിന്റെ നേതൃത്വത്തില്‍ നടന്നു.

ജീവ പണ്ഡു ഗവിത്

ആറ് തവണ സിപിഎമ്മിനെ പ്രതിനിധീകരിച്ച് നാസിക്കില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ഗവിത് ഇപ്പോള്‍ കല്‍വാനില്‍ നിന്നും ഏഴാമതും എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 1972 ല്‍ നാസിക്കിനെ പിടിച്ചുകുലുക്കിയ വരള്‍ച്ചയില്‍ നിന്നും കര്‍ഷകരെ രക്ഷപ്പെടുത്താനായി പരിശ്രമിച്ച ഗോദാവരി പാരുലേക്കറിന്റെയും നാനാ മാളുസാരെയുടേയും പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായാണ് അദ്ദേഹം ഇടത് പക്ഷത്തേക്ക് വരുന്നത്.

ആദിവാസികളുടെ അവകാശങ്ങള്‍ക്കായും ഉന്നമനത്തിനായും പ്രയത്നിച്ച അദ്ദേഹം അവര്‍ക്കായി വിദ്യാഭ്യാസം നല്‍കാനും ശ്രമിച്ചു. വന സംരക്ഷണ നിയമത്തിന്റെ കീഴില്‍ ഭൂമിയ്ക്കായി ആദിവാസികള്‍ നല്‍കിയ പന്ത്രണ്ടായിരത്തോളം അപേക്ഷകളില്‍ 7300 അപേക്ഷകള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നില്‍ ഗവിതിന്റെയും കിസാന്‍ സഭയുടെയും പ്രവര്‍ത്തനങ്ങളാണ്.

നാസിക്കില്‍ ആദിവാസി കുട്ടികള്‍ക്കായി സ്‌കൂളുകളും ഹോസ്റ്റലുകളും അടങ്ങുന്ന എഡ്യൂക്കേഷണല്‍ കോംപ്ലക്സും ഗവിത് നിര്‍മ്മിച്ചു. നാസിക്കില്‍ നിന്ന് കര്‍ഷകരെ മുംബൈയിലേക്ക് എത്തിക്കുന്നതിലും ഗവിതിന്‍ വലിയ പങ്കാണുള്ളത്.

 

കിഷന്‍ ഗുജര്‍

കിസാന്‍ സഭയുടെ സംസ്ഥാന പ്രസിഡന്റാണ് കിഷന്‍ ഗുജര്‍. പാര്‍ട്ടിയില്‍ എടുത്തുപറയത്തക്ക സ്ഥാനങ്ങളൊന്നും ഗുജറിനില്ലെങ്കിലും തന്ത്രങ്ങള്‍ മെനയുന്നതിലും പ്രതിഷേധങ്ങളും ജാഥകളും സംഘടിപ്പിക്കുന്നതിലും ഗുജറിന്റെ മികവ് എല്ലാവരും എടുത്തുപറയുന്നതാണ്. കിസാന്‍ സഭയില്‍ പ്രവര്‍ത്തിക്കുന്നതിനും മുമ്പ് ഇടത് ട്രേഡ് യൂണിയന്‍ സംഘടനയായ സിഐടിയുവിലും ഗുജര്‍ പ്രവര്‍ത്തിച്ചിരുന്നു.