ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി

ലാഹോര്‍: മുന്‍ പാക് ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി. ആത്മീയ ഉപദേശകയായ ബുഷ്‌റ മനേകയെയാണ് അദ്ദേഹം ജീവിത സഖിയാക്കിയത്.

പിങ്കി പിര്‍ എന്നും വിളിപ്പേരുള്ള മനേകയ്ക്ക് ആദ്യ വിവാഹബന്ധത്തില്‍ അഞ്ച് കുട്ടികളുണ്ട്. ഒരുവര്‍ഷം മുമ്പാണ് ഇമ്രാന്‍ ഖാന്‍ ആത്മീയ ഉപദേശം തേടി മനേകയെ കാണാന്‍ തുടങ്ങിയത്. മനേക നടത്തിയ ചില രാഷ് ട്രീയ പ്രവചനങ്ങള്‍ സത്യമായി ഭവിച്ചതോടെ ആ അടുപ്പം ദൃഢമായി. ഇരുവരും ഒന്നിക്കാന്‍ തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മനേക ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുകയുമായിരുന്നു.

ലാഹോറില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. 1995 ലാണ് ഇമ്രാന്‍ ഖാന്‍ ആദ്യം വിവാഹം കഴിച്ചത്. ജെമീമ ഗോള്‍ഡ്‌സ്മിത്തുമായുള്ള വിവാഹബന്ധം ഒമ്പത് വര്‍ഷമേ നീണ്ടുള്ളൂ. 2004 ലില്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ഇമ്രാന്‍ രണ്ട് ആണ്‍കുട്ടികളുണ്ട്.ടെലിവിഷന്‍ അവതാരകയായ റേഹം ഖാനെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. എന്നാല്‍ ആ ബന്ധം 10 മാസം മാത്രമേ നീണ്ടുള്ളൂ.