അറസ്റ്റിലായിരുന്ന പ്രതിയെ നായയെകൊണ്ട് കടിപ്പിച്ചു:സംഭവം വിവാദത്തില്‍

ഇടുക്കി: കാട്ടുപോത്തിനെ വേട്ടയാടി പിടിച്ച കേസില്‍ അറസ്റ്റിലായ ആദിവാസികളായ പ്രതികളെ പട്ടിയെ കൊണ്ട് കടിപ്പിച്ചതായി പരാതി. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി സബ് ജയിലിലെത്തിച്ചെങ്കിലും ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പെരുവന്താനം കൊമ്പുകുത്തി സ്വദേശികളും സഹോദരങ്ങളുമായ ചന്ദ്രന്‍(32), ബിജു(30), രതീഷ്(28), എന്നിവരെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന പരാതിപ്പെട്ടത്. കൂടാതെ മറ്റൊരു പ്രതി കണങ്കവയല്‍ സ്വദേശി ജോസ് കുഞ്ഞിനെയാണ് പട്ടിയെകൊണ്ട് ഉദ്യോഗസ്ഥര്‍ കടിപ്പിച്ചത്. സബ് ജയിലില്‍ റിമാന്റ് ചെയ്തിരുന്ന പ്രതിയെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങി കൊണ്ട ് പോകുന്നതിനിടെയാണ് ഉപദ്രവിച്ചെന്നാണ് ആരോപണം. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കി.

എന്നാല്‍ പ്രതികളെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാട്ടുപോത്തിനെ ആക്രമിച്ച കേസില്‍ മൊത്തം 9 പ്രതികളാണ് ഉള്ളത്. സംഭത്തില്‍ പ്രതിക്ഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തി.