വനമഹോത്സവം : പരിസ്ഥിതി പുന:സ്ഥാപനത്തിന് ഒട്ടേറെ പദ്ധതികളുമായി വനംവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ ഒന്നുമുതല്‍ ഏഴുവരെ നടക്കുന്ന വനമഹോത്സവത്തിന്റെ ഭാഗമായി പരിസ്ഥിതി പുന:സ്ഥാപനവും പരിപാലനവും ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ പദ്ധതികള്‍ വനംവകുപ്പ് നടപ്പിലാക്കും. വനവത്കരണത്തിനും സംരക്ഷണത്തിനും പുറമേ വനാശ്രിത സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്നതുമാണ് പദ്ധതികള്‍.

പരിക്ഷീണ വനങ്ങളുടെ പുനരുദ്ധാരണം, ആദിവാസികോളനികളിലെ വൃക്ഷതൈ നടീല്‍, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ വൃക്ഷവത്കരണം, അതിജീവനവനം, നഗരവനം, വിദ്യാവനം, ഔഷധവനം, ചകിരിനാര് കൂടകള്‍ , കരിമ്പുഴ വന്യജീവി സങ്കേതം പ്രഖ്യാപനം, സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലെയും വനവത്കരണം, കുറിഞ്ഞി , ചോല, പുല്‍മേട് പുനസ്ഥാപനങ്ങള്‍, വി എസ് എസുകളുടെയും ഇ ഡി സി കളുടെയും നേതൃത്വത്തില്‍ വൃക്ഷത്തൈ നടീലും പരിപാലനവും തുടങ്ങി വിവിധ പദ്ധതികള്‍ക്കാണ് വനമഹോത്സവ വാരത്തില്‍ വനംവകുപ്പ് തുടക്കം കുറിക്കുന്നത്. പദ്ധതികള്‍ സംസ്ഥാനത്തുടനീളം സമയബന്ധിതമായി നടപ്പിലാക്കാനാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് പരിപാടികള്‍ നടക്കുക.

തിരുവനന്തപുരം നാരകത്തിന്‍കാല ആദിവാസികോളനിയില്‍ ജൂലായ് ഒന്നിന് ഉച്ചക്ക് 2.15ന് വനംമന്ത്രി അഡ്വ കെ രാജു മരം നടുന്നതോടെ സംസ്ഥാനത്ത് വനമഹോത്സവ പരിപാടികള്‍ക്ക് തുടക്കമാവും. പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ ചടങ്ങില്‍ വിശിഷ്്ടാതിഥി ആയിരിക്കും. വനാശ്രിത സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്തം ലക്ഷ്യമാക്കി പട്ടികവര്‍ഗവകുപ്പുമായി ചേര്‍ന്നു നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 488 കോളനികളില്‍ 2.18 ലക്ഷം തൈകള്‍ നട്ടുപരിപാലിക്കും. കോട്ടൂര്‍ റേഞ്ചിലെ 43 ആദിവാസി സെറ്റില്‍മെന്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത പത്തുകുട്ടികള്‍ക്ക് മന്ത്രി പഠനോപകരണങ്ങളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 9 കുട്ടികള്‍ക്ക് അവര്‍ സ്വയം സമ്പാദിക്കാന്‍ പ്രാപ്തരാകും വരെ തുടര്‍പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയുടെ ആദ്യ ഗഡുവും മന്ത്രി വിതരണം ചെയ്യും.
കല്ലാറിലെ ഔഷധസസ്യപ്രദര്‍ശനതോട്ടവും ജൂലായ് ഒന്നിന് അദ്ദേഹം നാടിന് സമര്‍പ്പിക്കും.

വനമഹോത്സവത്തിന്റെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടനം ജൂലായ് രണ്ടിന് രാവിലെ 10.15ന് വനംമന്ത്രി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിര്‍വഹിക്കും. തൃശ്ശൂര്‍ പുത്തൂരിലെ 388 ഏക്കര്‍ സ്ഥലത്ത് 360 കോടി രൂപ ചെലവില്‍ ഒരുക്കുന്ന സുവോളജിക്കല്‍ പാര്‍ക്ക് വിവിധ ജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് അനുസരിച്ച് രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യത്തെ സുവോളജിക്കല്‍ പാര്‍ക്കാണ്. പാര്‍ക്കിനെ 10 മേഖലകളായി തിരിച്ച് വിവിധ തരത്തിലുള്ള 10 ലക്ഷത്തോളം വ്യക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്ന പ്രവൃത്തികളാണ് മന്ത്രി ഉദ്ഘാടനം ചെയ്യുക. വനമഹോത്സവ വാരത്തില്‍ 10000 വനവൃക്ഷങ്ങളും അത്രയും തന്നെ പനകള്‍, മുളകള്‍ എന്നിവയും വച്ചുപിടിപ്പിക്കും.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന ഉല്‍പന്നങ്ങള്‍ ലഭ്യമാകുന്ന വൃക്ഷലതാദികള്‍ വച്ചുപിടിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് പ്രേരണയാകുന്ന അതിജീവനവനവും പുത്തൂരില്‍ ഒരുക്കും.

ഓട്ടുപാറയില്‍ നഗരവനപദ്ധതിക്കും പൂങ്ങോട് കാട്ടുതീയില്‍ കത്തി നശിച്ച തോട്ടത്തില്‍ പുതുതായി തദ്ദേശീയ തൈകള്‍ വച്ചുപിടിപ്പിച്ച് പരിക്ഷീണ വനങ്ങളുടെ പുനരുദ്ധാരണത്തിനും വനംമന്ത്രി തുടക്കം കുറിക്കും. പള്‍പ്പ് തോട്ടങ്ങള്‍, ഉല്‍പാദന ക്ഷമത കുറഞ്ഞ തേക്ക് തോട്ടങ്ങള്‍, പരിക്ഷീണ വനങ്ങള്‍, എന്നിവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ തുടക്കമാവും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള 238.6 ഹെക്ടര്‍ സ്ഥലത്ത് അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ വൈദേശിക, അധിനിവേശ ഇനങ്ങളെ ഒഴിവാക്കി വനവല്‍ക്കരണം നടക്കും.
ഓരോ പ്രദേശത്തിനുമനുയോജ്യമായ വൃക്ഷയിനങ്ങള്‍ കണ്ടെത്തുന്നതിനുള്ള അതത് ഡി എഫ് ഒ മാര്‍ക്കും ഡിവിഷന്‍ തലവന്‍മാര്‍ക്കും നല്‍കി ഉത്തരവായിട്ടുണ്ട്.

വനങ്ങളുടെ ചെറുമാതൃകകള്‍ നഗരങ്ങളില്‍ പുനസൃഷ്ടിക്കുന്നതാണ് നഗരവനം പദ്ധതി. കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലം ലഭ്യമായാല്‍ നഗരമമധ്യത്തില്‍ പോലും വനത്തിന്റെ എല്ലാ സവിശേഷതകളോടെയും കൂടിയ നഗരവനങ്ങള്‍ ഒരുക്കാനാകും. നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണപ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്ന പദ്ധതി ചെറുജീവികളുടെ വലിയ ഒരു ആവാസ വ്യവസ്ഥയായി വര്‍ത്തിക്കുകയും ചെയ്യും.

സിവികള്‍ച്ചര്‍ യൂണിറ്റാണ് ഓട്ടുപാറയില്‍ നഗരവനം ഒരുക്കിയിട്ടുള്ളത്.
സംസ്ഥാന വനംവകുപ്പ് വികസിപ്പിച്ചെടുത്ത പരിസ്ഥിതി സൗഹൃദ റൂട്ട് ട്രയിനറുകളില്‍ വളര്‍ത്തിയെടുത്ത തൈകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മൂന്നിന് രാവിലെ 9 മണിക്ക് നിലമ്പൂര്‍ ഡി എഫ് ഒ ഓഫീസില്‍ മന്ത്രി നിര്‍വഹിക്കും. സംസ്ഥാനത്ത് ഓരോ വര്‍ഷവും കോടിക്കണക്കിന് തൈകളാണ് വിതരണം ചെയ്യുന്നത് ഇതിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് ചകിരിച്ചോറില്‍ നിന്ന് റൂട്ട് ട്രയിനറുകള്‍ ഉല്‍പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

അന്നേദിവസം രാവിലെ 10 45ന് നെടുങ്കയം അമിനിറ്റി സെന്ററില്‍ മന്ത്രി കരിമ്പുഴയെ സംസ്ഥാനത്തെ 18-മത് വന്യജീവി സങ്കേതമായി പ്രഖ്യാപിക്കും. മലപ്പുറം ജില്ലയിലെ ന്യൂ അമരമ്പലം റിസര്‍വ്വ് വനവും വടക്കേകോട്ട നിക്ഷിപ്ത വനവുമടങ്ങുന്നതാണ് 227.97 ച കി മീ വിസ്തീര്‍ണ്ണമുള്ള കരിമ്പുഴ വന്യജീവി സങ്കേതം.
ഇതിനകത്തുവരുന്ന പ്രാക്തന ആദിവാസ ഗോത്രമായ ചോലനായ്ക്കരുടെ മാഞ്ചീരി കോളനി ഒഴിവാക്കിയാണ് പ്രഖ്യാപനം. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പ്രദേശത്ത് 41 ഇനം സസ്തനികള്‍, 191 ഇനം പക്ഷികള്‍, 33 ഇനം ഉരഗവര്‍ഗ്ഗങ്ങള്‍, 23 ഇനം ഉഭയജീവികള്‍, 75 ഇനം മത്സ്യങ്ങള്‍, 201 ഇനം ചിത്രശലഭങ്ങള്‍ ഒട്ടേറെ ചെറുജീവി വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ സാന്നിധ്യമുണ്ട്.

സ്ഥാപനങ്ങളുടെ സഹായത്തോടെ അവയുടെ സ്ഥലത്തോ പൊതുസ്ഥലത്തോ മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന പദ്ധതിയായ സ്ഥാപന വനവല്‍ക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാലിന് തിരുവനന്തപുരം സി ഐ എസ് എഫിന്റെ 20 ഏക്കര്‍ സ്ഥലത്ത് 1300 വൃക്ഷത്തൈകള്‍ നട്ട് മന്ത്രി നിര്‍വഹിക്കും. ഇതേ സമയം കോഴിക്കോട് നാദാപുരം ബി എസ് എഫ് ക്യാമ്പസിലെ 55ഏക്കറിലെ പരിഹാരവനവല്‍ക്കരണത്തിനുള്ള തൈനടീലിനും തുടക്കമാകും. വെങ്ങളം ബൈപ്പാസിനായി മുറിച്ചു മാറ്റിയ 2354 മരങ്ങള്‍ക്ക് പകരമായാണ് ഇവിടെ പരിഹാരവനം ഒരുക്കുന്നത്. വനംവകുപ്പ് നട്ടുവളര്‍ത്തുന്ന വനങ്ങളുടെ തുടര്‍ പരിചരണ ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കാണ്. വനമഹോത്സവ കാലത്ത് 1.76 ലക്ഷം തൈകള്‍ സ്ഥാപന വനവല്‍ക്കരണത്തിലൂടെ വച്ചുപിടിപ്പിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
വനസംരക്ഷണസമിതികളുടെയും ഇക്കോ ഡെവല്പ്‌മെന്റ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വൃക്ഷത്തൈ വിതരണം, നടീല്‍ പരിപാലനം പദ്ധതിയ്ക്കും നാലിന്് കോഴിക്കോട് ജാനകിക്കാട്ടില്‍ തുടക്കമാവും. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 310 വി എസ് എസുകളും 169 ഇ ഡിസികളും ചേര്‍ന്ന് സംസ്ഥാനത്ത് 2.61 ലക്ഷം തൈകള്‍ വിതരണം ചെയ്യും.
അധിനിവേശ വൈദേശിക സസ്യവര്‍ഗങ്ങളുടെ ഉന്മൂലനം ലക്ഷ്യമാക്കി വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്കും വനമഹോത്സവക്കാലത്ത്് തുടക്കമാവും.
ജൂലായ് അഞ്ചിന് മുത്തങ്ങയില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തോടെ സെന്ന വൃക്ഷങ്ങളുടെ ശേഷിപ്പുകളടക്കം വേരോടെ പിഴുതി മാറ്റി പുതിയ തദ്ദേശീയ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന രീതി സംസ്ഥാനത്തുടനീളം ഊര്‍ജ്ജിതമായി നടപ്പിലാക്കും.

ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള കുറിഞ്ഞിമല സങ്കേതത്തില്‍ നടപ്പിലാക്കുന്ന കുറിഞ്ഞി, പുല്‍മേട് ,ചോല പുനസ്ഥാപന പദ്ധതികള്‍ക്ക് ജൂലൈ ആറിന് മൂന്നാറിലെ കുറിഞ്ഞി ക്യാമ്പ് ഷെഡില്‍ തുടക്കമാവും. യൂക്കാലിപ്റ്റസ് തോട്ടമായിരുന്ന 2 ഹെക്ടര്‍ പ്രദേശത്താണ് കുറിഞ്ഞി പദ്ധതി നടപ്പാക്കുക. കഴിഞ്ഞ കുറിഞ്ഞിപ്പൂക്കാലത്ത് വനംവകുപ്പ് ശേഖരിച്ച വിത്തുകള്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് മുളപ്പിച്ചു വളര്‍ത്തിയ 5000 നീലകുറിഞ്ഞി തൈകളാണ് ഇവിടെ നടുന്നത്.
മൂന്നാര്‍ ആനമുടി ഷോല ദേശീയോദ്യാനത്തിലെ പഴത്തോട്ടത്ത് കാട്ടുതീയില്‍ നശിച്ച 95 ഹെക്ടര്‍ വാറ്റില്‍ തോട്ടത്തിലെ 50 ഹെക്ടറില്‍ പുല്‍മേട് പുനസ്ഥാപനവും അപ്പര്‍ ഗുണ്ടുമല, കുണ്ടള പ്രദേശങ്ങളിലെ 23 ഹെക്ടര്‍ പ്രദേശത്ത് ചോലക്കാടുകളുടെ പുനസ്ഥാപനവുമാണ് നടപ്പിലാക്കുക. തനത് സസ്യ ഇനങ്ങളുടെ 8000 തൈകളാണ് ഇവിടെ നട്ടുവളര്‍ത്തുക. കൃത്യമായ പരിപാലനം ഉറപ്പുവരുത്തുന്നതിന് ആദ്യമായി ഒരു പരിസ്ഥിതി പുനസ്ഥാപന ഇ ഡി സിയും ഇവിടെ രൂപീകരിച്ചിട്ടുണ്ട്.

വിവിധ ജില്ലകളിലായി 16 ഫോറസ്റ്റ് സ്‌റ്റേഷനുകളും രണ്ടുറെയിഞ്ച് ഓഫീസുകളും വനമഹോത്സവത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യും.
വിദ്യാലയങ്ങളില്‍ സ്വാഭാവിക വനങ്ങളുടെ ചെറുമാതൃകകള്‍ നട്ടുവളര്‍ത്തുന്ന വിദ്യാവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടെ സംസ്ഥാനത്തെ വനമഹോത്സവ പരിപാടികള്‍ക്ക് സമാപനമാവും. അടൂര്‍ ഗവ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഏഴിന് ഉച്ച്ക്ക് 2.30 വിദ്യാവനം പദ്ധതി വനംമന്ത്രി ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് തെന്മലയില്‍ നടക്കുന്ന വെബ്ബിനാറിലൂടെ അദ്ദേഹം വനമഹോത്സവത്തിന്റെ ഔദ്യോഗിക സമാപനം പ്രഖ്യാപിക്കും.

വിവിധ ചടങ്ങുകളിലായി മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എ മാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുംതുടങ്ങിയവര്‍ പങ്കെടുക്കും.