വിദേശ വിനോദ സഞ്ചാരികള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ കൂടുന്നു. കേരളം അഞ്ചാം സ്ഥാനത്ത്.

ദില്ലി: കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. കുറ്റ കൃത്യങ്ങളുടെ പട്ടികയില്‍ ദേശീയ തലത്തില്‍ അഞ്ചാംസ്ഥാനത്താണ് കേരളം. കണക്ക് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്ത് വിട്ടു.
കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കേരളം അ‍ഞ്ചാംസ്ഥാനത്താണ്. അതിനിടെ എട്ട് കേസുകളിലാണ് വിനോദ സഞ്ചാരികള്‍ പ്രതികളായത്.

2014 മുതല്‍ 16 വരെ നടന്ന കുറ്റ കൃത്യങ്ങളുടെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. 2014ല്‍ എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് 16 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 15 ആയി. ശാരീരികാക്രമണം, ലൈഗിംക പീഡനശ്രമം, മോഷണം,തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത്. രാജ്യത്ത് വിദേശ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ 3.9 ശതമാനം കേരളത്തിലാണ് നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര സുരക്ഷാസംവിധാനങ്ങളുടെ പാളിച്ചയെയാണ് ഇത് വ്യക്തമാക്കുന്നത്.

മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് പട്ടികയില്‍ കേരളത്തിന് മുന്നില്‍. പക്ഷെ അവിടങ്ങളില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറ്റകൃത്യങ്ങള്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും രാജ്യത്തൊട്ടാകെ പന്ത്രണ്ട് കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.