വിദേശിയായ ഭാര്യയുള്ളതുകൊണ്ടാണോ നോബൽ ലഭിച്ചത്? അഭിജിത് ബാനര്‍ജിയെ പരിഹസിച്ച് ബിജെപി നേതാവ്

CAMBRIDGE - NOVEMBER 16: Abhijit Banerjee, left, and Esther Duflo, right, in the offices of the J-PAL Poverty Action Lab at MIT. Behind them is a quilt called "The Peoples of the World" by Fumiko Nakayama that hangs in the lobby of the offices. (Photo by Jim Davis/The Boston Globe via Getty Images)

കൊല്‍ക്കത്ത: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം കരസ്ഥമാക്കിയ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിയെ പരഹിസിച്ചുകൊണ്ടുള്ള ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. ബിജെപി ദേശീയ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ പാര്‍ട്ടി മുന്‍ അധ്യക്ഷനുമായ രാഹുല്‍ സിന്‍ഹയാണ് അഭിജിത് ബാനര്‍ജിയെ പരിഹസിച്ച്‌ പരാമര്‍ശം നടത്തിയത്. നൊബേല്‍ ജേതാവിന്റെ യോഗ്യതകളെ പരിഹസിച്ചുകൊണ്ടായിരുന്നു സിന്‍ഹയുടെ വരവ്.

വിദേശികളായ രണ്ടാം ഭാര്യമാര്‍ ഉള്ളവര്‍ക്കാണ് കൂടുതലും നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നതെന്നായിരുന്നു സിന്‍ഹയുടെ പരിഹാസം. രണ്ടാം ഭാര്യയായി ഒരു വിദേശിയുണ്ടാകുന്നതാണോ നൊബേല്‍ ലഭിക്കാനുള്ള ഡിഗ്രി എന്നും സിന്‍ഹ ചോദിച്ചു.

അഭിജിത് ബാനര്‍ജി ഇടതു ചായ്‌വുള്ളയാളാണെന്നും, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ സിന്‍ഹ അനുകൂലിക്കുകയും ചെയ്തു.

‘പീയുഷ് ഗോയല്‍ പറഞ്ഞതു ശരിയാണ്. കാരണം, ഈ ആളുകള്‍ ഇടതു നയങ്ങള്‍ കൊണ്ടു സമ്പദ്‌വ്യവസ്ഥയ്ക്കു നിറം പൂശുകയാണ്. ഇടതുപാതയില്‍ക്കൂടി ഈ സമ്പദ്‌വ്യവസ്ഥ സഞ്ചരിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.

പക്ഷേ ഇടതു നയങ്ങള്‍ ഈ രാജ്യത്ത് ആവശ്യത്തിലും അധികമായിക്കഴിഞ്ഞിരിക്കുന്നു.’- സിന്‍ഹ പറഞ്ഞു.

എസ്തര്‍ ഡഫ്ളോക്കും മൈക്കല്‍ ക്രെമറിനും ഒപ്പം സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം പങ്കിട്ട അഭിജിത് ബാനര്‍ജി ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെയും കടുത്ത വിമര്‍ശകനാണ്.

‘അഭിജിത് ബാനര്‍ജിക്ക് നൊബേല്‍ സമ്മാനം ലഭിച്ചു, ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. പക്ഷെ നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം എന്തായിരുന്നു അദ്ദേഹത്തിന്റെ ധാരണകളെന്ന്. അദ്ദേഹത്തിന്റെ ചിന്തകളെല്ലാം ഇടതു ചായ്വുവെച്ചു പുലര്‍ത്തുന്നവയാണ്. അദ്ദേഹം ന്യായ് പദ്ധതിയെ പരിപോഷിപ്പിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ചിന്തകളെ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു’. പിയുഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു, മാത്രമല്ല ഒരു ഇന്ത്യക്കാരനാണ് എന്നതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു. അതിനു പക്ഷെ നമ്മള്‍ അദ്ദേഹത്തോട് യോജിക്കണം എന്നു നിര്‍ബന്ധമില്ലല്ലോ. ജനങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ഗോയല്‍ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നിശിതമായി വിമര്‍ശിച്ചയാളായിരുന്നു അഭിജിത് ബാനര്‍ജി. ‘ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അടിയന്തര ഘട്ടങ്ങളിലേക്ക് നീങ്ങുമ്പോള്‍ നിങ്ങള്‍ പണത്തിന്റെ സ്ഥിരതയെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ വേവലാതിപ്പെടുക അതിന്റെ ആവശ്യകതയെക്കുറിച്ചോര്‍ത്തായിരിക്കും.

എനിക്ക് തോന്നുന്നു ആവശ്യകത എന്നത് ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍ വലിയൊരു പ്രശ്നം തന്നെയാണ്’. അഭിജിത് ബാനര്‍ജി പറഞ്ഞു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പെട്ടെന്നാണ് താഴേക്ക് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നോട്ടു നിരോധനത്തെയും ജി.എസ്.ടി നടപ്പാക്കിയ രീതിയേയും ബാനര്‍ജി വിമര്‍ശിച്ചിരുന്നു.