മത്സ്യം കഴിക്കുന്നവര്‍ സൂക്ഷിക്കുക, കേരളത്തില്‍ എത്തുന്ന മത്സ്യത്തില്‍ അമിത ഫോര്‍മാലിന്‍ സാന്നിദ്ധ്യം: 6500 കി.ഗ്രാം മത്സ്യം തിരിച്ചയച്ചു.

തിരുവനന്തപുരം:ഒരു നേരം പോലും മീനില്ലാതെ ചോറുകഴിക്കാന്‍ വയ്യാത്ത മത്സ്യപ്രിയര്‍ ഒന്ന് ശ്രദ്ധിക്കുക. സംസ്ഥാനത്ത് വില്പനയ്ക്കായി എത്തുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ എന്ന രാസപദാര്‍ഥത്തിന്റെ അളവ് ക്രമാതീതമായി കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരം ഇടപഴഞ്ഞി മത്സ്യ മാര്‍ക്കറ്റിലേയ്ക്ക് ഞായറാഴ്ച കൊണ്ടുവന്ന 6000കി.ഗ്രാം മത്തിയില്‍ ഉയര്‍ന്ന അളവിലുള്ള ഫോര്‍മാലിന്റെ അളവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരള ഭക്ഷ്യ സുരക്ഷ കമ്മീഷന്‍ തിരിച്ചയക്കുകയായിരുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മത്സ്യങ്ങളിലാണ് ഫോര്‍മാലിന്റെ അംശം കൂടുതലായി കണ്ടുവരുന്നത്. തൂത്തുക്കുടിയില്‍ നിന്നും കയറ്റി അയച്ച 500 കി.ഗ്രാം മത്സ്യവും ഇതേ തരത്തില്‍ കൂടിയ അളവില്‍ ഫോര്‍മാലിനുമായി പിടിച്ചിരുന്നു.സാഗര്‍ റാണി പദ്ധതിയുടെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനകളിലാണ് പലയിടത്തും മത്സ്യങ്ങളില്‍ അപകടകരമായ അളവില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയത്. പലപ്പോഴും അഴുകിയ മത്സ്യങ്ങള്‍ ആഹാരയോഗ്യമായ മത്സ്യങ്ങളുടെ കൂടെ ഇടകലര്‍ത്തി വില്‍ക്കുന്നതായും കാണുന്നുവെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യം വ്യക്തമാക്കി. ഫോര്‍മാലിന്‍,എഥനോള്‍,മെഥനോള്‍ എന്നിവയുടെ രാസമിശ്രിതം മൃതശരീരങ്ങള്‍ അഴുകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നതാണ്. ഏറിയ അളവില്‍ ശരീരത്തില്‍ എത്തുന്ന ഫോര്‍മാലിന്‍ ശ്വാസകോശ അര്‍ബുദം, വിളര്‍ച്ച, കുടലിലെ അള്‍സര്‍ എന്നിവയ്ക്ക് കാരണമാകുന്നു.