വെള്ളം വാങ്ങിക്കുടിക്കുമ്പോള്‍ ഇനി സൂക്ഷിച്ചോളൂ : ഫോര്‍മാലിന്‍ മത്സ്യങ്ങള്‍ക്കു പിന്നാലെ അണുക്കള്‍ നിറഞ്ഞ കുപ്പിവെള്ളവും

തിരുവനന്തപുരം : മത്സ്യവിപണിയിലെ ഉയര്‍ന്ന ഫോര്‍മാലിന്‍ സാന്നിദ്ധ്യത്തിന് പിന്നാലെ നമ്മള്‍ ശുദ്ധമെന്ന് കരുതി വാങ്ങിക്കുടിക്കുന്ന കുപ്പിവെള്ളത്തിലും മനുഷ്യ വിസര്‍ജ്യം അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കുന്ന ഈ കോളി, കോളിഫോം തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഈ വര്‍ഷം ആദ്യം മുതല്‍ കഴിഞ്ഞ മാസം വരെ നീണ്ടു നിന്ന പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി പുറത്ത് വന്നിരിക്കുന്നത്. മൂവാറ്റപുഴ ആസ്ഥാനമായ അശോക , കോലഞ്ചേരിയിലെ ഗ്രീന്‍ വാലി, കോട്ടയം ആനിക്കാട് ആസ്ഥാനമായ ബ്ലുമിങ് , കോട്ടയം നെടുങ്ങടളപ്പളളിയിലെ മൗണ്ട് മിസ്റ്റ്, കോട്ടയം വില്ലൂന്നിയിലെ ബേസിക്,

തിരുവനന്തപുരം കിന്‍ഫ്രായിലെ മക് ഡവല്‍സ് , നെയ്യാറ്റിന്‍കര ടി ബി ജംക്ഷനിലെ അക്വാ സയര്‍ , കൊല്ലം കൂട്ടിക്കടയിലെ ഡിപ്ലോമാറ്റ് 1, കൊല്ലം പുത്തൂരിലെ ബ്രിസോള്‍ , ആലുവ മരപ്പളളി ആസ്ഥാനമായ ഗോള്‍ഡന്‍ വാലി നെസ്റ്റ് എന്നിവയുടെ ഒരു ബാച്ചിലാണ് രോഗാണുക്കളെ കണ്ടെത്തിയിരിക്കുന്നത്.
ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ലാബിലും റഫറല്‍ ലാബായ മൈസൂരിലെ ലാബിലും പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പ്രശ്‌നം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിച്ചു.
ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ഇവര്‍ക്കെതിരെ നിയമനടപടികളുമായി വകുപ്പ് മുന്നോട്ട് പോവുകയാണ്.

സംസ്ഥാനത്ത് ഉയര്‍ന്ന അളവില്‍ ഫോര്‍മാലിന്‍ അടങ്ങിയിരിക്കുന്ന ഇറക്കുമതി മത്സ്യങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്തതിന് പിന്നാലെയാണ് കുപ്പിവെള്ളത്തിലെ അണുക്കളുടെ സാന്നിദ്ധ്യം പരിശോധനാ ഫലത്തില്‍ പുറത്ത് വന്നിരിക്കുന്നത്.