ഫിലിപ്പീന്‍സില്‍ പ്രഥമ വനിത ചീഫ് ജസ്റ്റീസിനെ പുറത്താക്കി

 

മനില: ഫിലിപ്പീന്‍സില്‍ ചീഫ് ജസ്റ്റീസ് മരിയ ലൂര്‍ദസ് സെറിനോയെ സഹജഡ്ജിമാര്‍ വോട്ടുചെയ്തു പുറത്താക്കി. രാജ്യത്തെ പ്രഥമ വനിതാ ചീഫ് ജസ്റ്റീസാണ് മരിയ. സ്വത്തും ബാധ്യതകളും സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് ഇതുവരെ ഫയല്‍ ചെയ്തിട്ടില്ലാ എന്നതാണ് മരിയയ്‌ക്കെതിരെയുള്ള ആരോപണം .

സര്‍ക്കാരിന്റെ പല ഉത്തരവുകള്‍ക്കും എതിരായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന മരിയയെ ഫിലിപ്പീന്‍സ് പ്രസിഡന്റ് ഡുട്ടെര്‍ട്ട് ആദ്യമേ ശത്രുവായി പ്രഖ്യാപിച്ചിരുന്നു. മരിയയുടെ നിയമനത്തില്‍ അപാകതയുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.

മയക്കുമരുന്നു കച്ചവടക്കാരെയും മറ്റും ഏറ്റുമുട്ടലുകളിലൂടെ വകവരുത്തുന്ന ഡുട്ടെര്‍ട്ടെ ഭരണകൂടത്തിന്റെ നടപടിയെയും മനുഷ്യാവകാശ ലംഘനത്തെയും ജസ്റ്റീസ് മരിയ രൂക്ഷമായി വിമര്‍ശിച്ചു. പോലീസും ഗുണ്ടകളും ചേര്‍ന്ന് മയക്കുമരുന്നുകള്ളക്കടത്തുകാര്‍ക്ക് എതിരെ കൈക്കൊണ്ട നടപടിയെത്തുടര്‍ന്നു നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

വോട്ടെടുപ്പിനു മുമ്പായി മരിയയുടെ അനുയായികള്‍ കോടതിക്കു പുറത്ത് സംഘടിച്ചു. 14 ജഡ്ജിമാരില്‍ എട്ടുപേരാണ് മരിയയെ അയോഗ്യയാക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തത്. തനിക്കെതിരായ ആരോപണങ്ങള്‍ മരിയ നിഷേധിച്ചു. ഭരണഘടനയുടെ സംരക്ഷണത്തിന് എല്ലാവരും ഒത്തൊരുമിക്കണമെന്ന് മരിയ ആഹ്വാനം ചെയ്തു.