അബുദാബിയില്‍ നിന്നും ദുബായില്‍നിന്നും 363 പേര്‍ കേരളത്തിലെത്തി

കൊച്ചി/കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൊവിഡിനെത്തുടര്‍ന്ന് മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിച്ചുകൊണ്ടുവരുന്ന വന്ദേഭാരത് മിഷന്‍ തുടങ്ങി. ഇതനുസരിച്ചുള്ള ആദ്യത്തെ രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തി.
ആദ്യത്തെ വിമാനം അബുദാബിയില്‍നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 177 യാത്രക്കാരുമായി രാത്രി 10.08 ന് എത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 9.40ന് എത്തേണ്ടതായിരുന്നു. അതു വൈകി. ഇതിലെ യാത്രക്കാരില്‍ 48 പേര്‍ ഗര്‍ഭിണികളാണ്.


രണ്ടാമത്തെ വിമാനം ദുബായില്‍ നിന്ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാത്രി 10.35 മണിക്ക് എത്തി. ഇതില്‍ 182 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ അഞ്ചുകുട്ടികളും ഉള്‍പ്പെടുന്നു.
ഇരുവിമാനങ്ങളിലും വന്ന യാത്രക്കാരെ തെര്‍മല്‍ പരിശോധനയ്ക്കുശേഷം ക്വാറന്റീനില്‍ അയച്ചു. ഗര്‍ഭിണികളെയും കുട്ടികളെയും 75 വയസ്സിനുമുകളിലുള്ളവരെയും വീടുകളില്‍ ക്വാറന്റീന് അയച്ചു. എട്ട് കെ.എസ്.ആര്‍.ടി.സി ബസുകളും 40 ടാക്‌സികളും എര്‍പ്പാടാക്കിയിരുന്നു. അഞ്ച് ഇമിഗ്രേഷന്‍ കൗണ്ടറുകളിലായി പത്തു ഉദ്യോഗസ്ഥര്‍ പെട്ടെന്നു തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി ക്ലിയര്‍ ചെയ്തു.