കൈവിട്ട് പോയ കുഞ്ഞിനെ സാഹസികമായി രക്ഷപെടുത്തി അഗ്‌നിശമനാസേനാംഗം; വൈറലായി വീഡിയോ

ജോര്‍ജ്ജിയ: ബഹുനിലക്കെട്ടിടത്തില്‍ ഉണ്ടായ അഗ്‌നിബാധയ്ക്കിടെ മാതാപിതാക്കളുടെ കൈയ്യില്‍ നിന്ന് പിടിവിട്ട് പോയ പിഞ്ചുകുഞ്ഞിനെ സാഹസികമായി രക്ഷപെടുത്തി അഗ്‌നിശമനാസേനാംഗം. ജോര്‍ജിയയിലെ അവോന്‍ഡേയില്‍ ഫോറസ്റ്റ് അപാര്‍ട്ട്‌മെന്റില്‍ ശനിയാഴ്ചയുണ്ടായ അഗ്‌നിബാധയ്ക്കിടെയുണ്ടായ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. അഗ്‌നിശമനാ സേനാംഗത്തിന്റെ ഹെല്‍മറ്റ് ക്യാമറയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

അഗ്‌നിശമനാ സേനാംഗങ്ങളുടെ നിര്‍ദേശമനുസരിച്ച് കെട്ടിടത്തിന് വെളിയിലേയ്ക്ക് വരാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടി പിതാവിന്റെ കൈയ്യില്‍ നിന്ന് പിടിവിട്ട് പോയത്. സ്‌കോട്ട് സ്‌റ്റ്രോപ്പ് എന്ന അഗ്‌നിശമനാ സേനാംഗമാണ് മനസാന്നിധ്യം കൈവിടാതെ കുരുന്ന് ജീവനെ മരണത്തില്‍ നിന്ന് പിടിച്ചെടുത്തത്. ലാന്‍സ് റാഗ്‌ലാന്‍ഡ് എന്നയാളുടെ എട്ട് മക്കളില്‍ ഇളയ മകളെയാണ് അതിസാഹസികമായി രക്ഷപെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെയുണ്ടായ അപ്രതീക്ഷിത സംഭവത്തെ അത്ഭുതം എന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഓഫീസര്‍ വിവരിക്കുന്നത്.

അഗ്‌നിബാധയില്‍ ബഹു നിലകെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. എണ്‍പതോളം പേര്‍ക്കാണ് അഗ്‌നിബാധയില്‍ വീടുകള്‍ നഷ്ടപ്പെട്ടത്. തക്കസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചതില്‍ അഗ്‌നിബാധയില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ലെന്നാണ് സൂചനകള്‍.