‘ഫിലിം റിവ്യൂകള്‍ പലപ്പോഴും വ്യക്തിഹത്യയായി മാറുന്നു’: നടി അപര്‍ണ ബാലമുരളി

കൊച്ചി: ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങള്‍ പലപ്പോഴും വ്യക്തിഹത്യയായി മാറുന്നുവെന്ന് നടി അപര്‍ണ ബാലമുരളി. ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം വരുന്ന പല നിരൂപണങ്ങളും ചിത്രത്തെ മാത്രമല്ല താരങ്ങളെയും ഹനിക്കുന്ന തരത്തിലേക്ക് മാറുന്നുവെന്നും ഇത് വേദനാജനകമാണെന്നും കാമുകി എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥം മാധ്യമങ്ങളോട് സംസാരിക്കവേ നടി പറഞ്ഞു.

പലരുടെയും ദീര്‍ഘനാളത്തെ പ്രയത്‌നത്തിന്റെ ഫലമാണ് ഒരു സിനിമ. അങ്ങനെയിറങ്ങുന്ന സിനിമയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത് ചിത്രത്തിന്റെ കളക്ഷനെ തന്നെ ദോഷമായി ബാധിക്കുന്നു. അത് സങ്കടകരമാണെന്നും സിനിമാതാരങ്ങള്‍ മനുഷ്യരാണെന്ന പരിഗണന പോലും ചിലപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കാറില്ലെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരത്തിലൂടെ വെള്ളിത്തിരയിലെത്തിയ അപര്‍ണയുടെ ഏറ്റവും പുതിയ ചിത്രമാണ് കാമുകി. ബിനു എസ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായകന്‍ അസ്‌കര്‍ അലിയോടൊപ്പം ബൈജു, കോട്ടയം പ്രദീപ്, ഡേവിഡ് രാജ്, അക്ഷര കിഷോര്‍, കാവ്യ സുരേഷ്, ഡെയ്ന്‍ എന്നിവര്‍ മറ്റ് മുഖ്യ വേഷങ്ങളിലെത്തുന്നു.. ഉമേഷ് ഉണ്ണിത്താനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.