സിനിമാ-സീരിയല്‍ നടന്‍ കലാശാല ബാബു അന്തരിച്ചു

പ്രശസ്ത സിനിമാനടന്‍ കലാശാല ബാബു (68) അന്തരിച്ചു.  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കല്ല്യാണി കുട്ടിയമ്മയുടെയും മകനായി 1955ലാണ് ജനിച്ചത്.  കുറച്ചു കാലമായി ചികിത്സയിലായിരുന്നു.

കോളേജ് വിദ്യാഭ്യാസ കാലത്ത് റേഡിയോ നാടകങ്ങളിലൂടെയാണ് ഇദ്ദേഹം കലാരംഗത്തേയ്ക്ക് കടക്കുന്നത്.  തുടര്‍ന്ന് രണ്ട് വര്‍ഷം കാളിദാസ കലാകേന്ദ്രത്തില്‍ നാടകനടനായി.  ഒ.മാധവന്റെയും കെ.ടി.മുഹമ്മദിന്റെയും സഹപ്രവര്‍ത്തകനായിരുന്നു.  പല സിനിമകളിലും സഹതാരമായും വില്ലനായും തിളങ്ങിയ കലാശാല ബാബു നാടകവേദികളിലൂടെയാണ് ശ്രദ്ധേയനായത്.

1977ല്‍ ജോണ്‍ പോളിന്റെ ഇണയെത്തേടി എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ സ്വന്തം നിലയില്‍ കലാശാല എന്നപേരില്‍ നാടകട്രൂപ്പിന് നേതൃത്വം നല്‍കി. ഏതാണ്ട് 28 ഓളം സീരിയലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിലകന്‍, സുരാസു, പി.ജെ. ആന്റണി,ശ്രീമൂല നഗരം വിജയന്‍, എന്‍.എന്‍.പിള്ള തുടങ്ങിയ മലയാള നാടക വേദിയിലെ പ്രമുഖരോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.