തിയേറ്ററില്‍ വന്ന് 42 ദിവസത്തിനുശേഷം മതി ഒ.ടി.ടി റിലീസ് എന്ന് ഫിലിം ചേംബര്‍

കൊച്ചി: തിയറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസത്തിനുശേഷം മാത്രമേ നെറ്റ്ഫളിക്‌സും ആമസോണ്‍ പ്രൈമും ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമകള്‍ റിലീസ് ചെയ്യാവൂ എന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് വ്യവസ്ഥ വച്ചു. കൊച്ചിയില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം.
സിനിമകള്‍ തിയറ്ററര്‍ റിലീസ് ചെയ്യാന്‍ സെന്‍സറിങ്ങിന് അയക്കണമെങ്കില്‍ ഫിലിം ചേംബര്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. ഒടിടി റിലീസിങ് സംബന്ധിച്ച പുതിയ മാനദണ്ഡം അംഗീകരിച്ച് അഫിഡവിറ്റ് നല്‍കുന്നവര്‍ക്ക് മാത്രമേ രജിസ്‌ട്രേഷന്‍ അനുവദിക്കൂ എന്ന് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജ് ഒരു മാധ്യമത്തോട് പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയറ്ററുകള്‍ അടച്ചതോടെ ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ ഉള്‍പ്പെടെ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത് വിവാദമായിരുന്നു.