ഫിക്ഷനും യുവ സിനിമാമോഹികൾക്കും പ്രോത്സാഹനവുമായി ആന്റണി വർഗീസ്

തിരുവനന്തപുരം: ഒരു കൂട്ടം ചെറുപ്പക്കാരുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് പുതുജീവന്‍ വെക്കുന്നു. തിരുവനന്തപുരം സ്വദേശിയായ അഭിലാഷ് സുധീഷ് സംവിധാനം ചെയ്ത ഫിക്ഷന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അങ്കമാലി ഡയറീസിലൂടെ മലയാളി മനസുകള്‍ കീഴടക്കിയ ആന്റണി വര്‍ഗീസ് ഇന്നലെ ഫെയ്‌സ്ബുക്കിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

കാര്യവട്ടം ക്യാമ്പസില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് മുപ്പത് ദിവസം കൊണ്ടാണ് അഭിലാഷ് ഫിക്ഷന്‍ ചിത്രീകരിച്ചത്. സംവിധാനത്തിനും എഡിറ്റിങ്ങിനും ഒപ്പം തിരക്കഥയിലും അഭിലാഷിന്റെ പ്രയത്‌നമുണ്ട്. വെറും ഒരു ലക്ഷത്തില്‍ താഴെ മാത്രം ബഡ്ജറ്റായ ചിത്രത്തിന്റെ ഒട്ടുമിക്ക മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നത് വിദ്യാര്‍ത്ഥികളായ യുവതലമുറയാണെന്ന പ്രത്യേകതയും ഫിക്ഷനുണ്ട്. ഇവർ തന്നെ തുടങ്ങിയ 11th Hour Productions-ന്‍റെ ബാനറിലാണ് ചിത്രം പുറത്തുവരുന്നത്.

കിരൺ എന്ന എഴുത്തുകാരൻ തന്റെ നോവലിനായി ഒരു യഥാർത്ഥ സംഭവം അന്വേഷിച്ചു പോകുന്നതും, സത്യവും മിഥ്യയും വേർതിരിക്കാൻ കഴിയാതെ സത്യത്തെ കുറിച്ച് അയാൾ നേടുന്ന തിരിച്ചറിവുകളുമാണ് ഫിക്ഷന്റെ ഇതിവൃത്തം.

ഹിമാലയത്തിലെ കശ്മലന്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ക്യാമറമാനായി പ്രവര്‍ത്തിച്ച മറ്റൊരു ജേര്‍ണലിസം വിദ്യാര്‍ത്ഥി അഭിറാം ഗോപകുമാറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നിയമവിദ്യാര്‍ത്ഥിയായ സൂര്യകാന്ത് റോയിയും അഭിലാഷും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഫിക്ഷന്‍ അഭിറാമിന്റെ ടാക്‌സി എന്ന ചെറുകഥയെ അവലംബിച്ചുള്ളതാണ്. നന്ദു ഗോപാലകൃഷ്ണന്‍, അനൂപ് മോഹന്‍, കിരണ്‍ സോണി, ഫയാസ് ഖാന്‍, വാണി രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഫിക്ഷന്‍ പൂര്‍ണമായും തിരുവനന്തപുരത്ത് ചിത്രീകരിച്ച സിനിമയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയ നന്ദു കരിങ്കുന്നം സിക്‌സസ് ഉള്‍പ്പടെ പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായ ഫിക്ഷന്‍ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനായി ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.