ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സന്ന്യാസ സഭയില്‍നിന്ന് പുറത്താക്കി

കല്പറ്റ:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്നാണ് ലൂസി കളപ്പുരയെ പുറത്താക്കിയത്. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലായിരുന്നു തീരുമാനം. മുന്നറിയിപ്പുകൾ നൽകിയിട്ടും എഫ്.സി.സി സന്ന്യാസ സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

വയനാട് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് സഭ ഉന്നയിച്ചത്. ഇതെല്ലാം അവഗണിച്ചതിന്റെ പേരിലാണ് എഫ്.സി.സി. സന്യാസസഭ ഇപ്പോള്‍ അവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം നിരസിച്ചു തുടങ്ങിയവയാണ് പുറത്താക്കലിന് കാരണമായി സഭ ചൂണ്ടിക്കാണിക്കുന്നത്.

പുറത്താക്കിക്കൊണ്ടുള്ള കത്തിനോടൊപ്പം പുറത്താക്കലിന് വത്തിക്കാൻ നൽകിയ സ്ഥിരീകരണവും ഡൽഹിയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയുടെ കത്തും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സന്ന്യാസ സഭയുടെ ജീവിത ശൈലിയായ അനുസരണം, ദാരിദ്ര്യം, കന്യകാത്വം എന്നീ വ്രതങ്ങൾ ഇനി മുതൽ പാലിക്കേണ്ടതില്ലെന്നും കത്തു കിട്ടി 10 ദിവസത്തിനകം നിലവിൽ താമസിക്കുന്ന സന്ന്യാസ ഭവനത്തിൽ നിന്ന് പുറത്തു പോകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമാണെങ്കിൽ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിനോ ഡൽഹിയിലെ അപ്പസ്തോലിക് ന്യൂൺഷോയ്ക്കോ നേരിട്ട് അപക്ഷിക്കാമെന്നും കത്തിൽ പറയുന്നു. ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സുപ്പീരയർ ജനറൽ സിസ്റ്റർ ആൻ ജോസഫാണ് കത്ത് നൽകിയിരിക്കുന്നത്.