വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ

കൽപറ്റ: വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ. ചുളുഗോട് എങ്കിട്ടന്‍ ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. പുലര്‍ച്ചെ കൃഷിയിടത്തില്‍ വെച്ചു വിഷം കഴിച്ചശേഷം വീട്ടിലെത്തിയാണ് എങ്കിട്ടന്‍ മരിച്ചവീണത്. കടബാധ്യത കാരണമാണ് ഇദ്ദേഹം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നായിരുന്നു എങ്കിട്ടന്‍ കൃഷി ചെയ്തിരുന്നത്. മഴ കുറഞ്ഞതോടെ വിളകള്‍ നശിച്ചു. തിരിച്ചടവ് മുടങ്ങുകയും ചെയ്തു.

ആവശ്യമായ മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് പുല്‍പ്പള്ളി മരക്കടവ് മേഖലകളില്‍ വ്യാപകമായി കൃഷിനാശം സംഭവിച്ചിരുന്നു. അടുത്തു തന്നെ നദിയുണ്ടെങ്കില്‍ കൂടി കടുത്തവരള്‍ച്ച കൂടി അനുഭവപ്പെടുന്ന മേഖലയാണിത്. അതുകൊണ്ടു തന്നെ ഈ അടുത്തകാലത്ത് കൃഷി നഷ്ടത്തിലായിരുന്നു. അതിനാല്‍തന്നെ കടബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.