മാധ്യമങ്ങള്‍ കര്‍ഷകരോടൊപ്പമായിരുന്നോ?

മുപ്പതിനായിരത്തിനുമേല്‍ വരുന്ന കര്‍ഷകര്‍ നീതി കിട്ടാത്തതില്‍ പ്രതിഷേധിച്ച് നാസിക്കില്‍ നിന്നും കാല്‍നടയായി മുംബൈയിലേക്ക് എത്തിയ ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ ലോങ്ങ് മാര്‍ച്ച് ഇന്നലെയാണ് വിജയകരമായി അവസാനിച്ചത്. കഴിഞ്ഞ ബുധനാഴ്ച നാസിക്കില്‍ നിന്ന് തുടങ്ങിയ ലോങ് മാര്‍ച്ച് , 200ലേറെ കിലോമീറ്ററുകള്‍ താണ്ടി അരലക്ഷത്തിലേറെ കര്‍ഷകരുമായി മുംബൈയിലെ ആസാദ് മൈതാനത്ത് എത്തുമ്പോള്‍ , കര്‍ഷക സമരം ചരിത്രത്തില്‍ തന്നെ ഇടംപിടിച്ചു.

ഇന്ത്യ ഉറ്റുനോക്കിയ കര്‍ഷകരുടെ മാര്‍ച്ചിനെ മാധ്യമങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് പരിശോധിക്കുകയാണ് എംഫ്‌ളിന്റ് മീഡിയ.

ഇംഗ്ലീഷ് പത്രങ്ങള്‍

രാജ്യത്തെ മുന്‍നിര പത്രങ്ങളിലൊന്നായ ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ മുന്‍ പേജില്‍ ചെറിയൊരു വാര്‍ത്തയാണ് ലോങ്ങ് മാര്‍ച്ചിനെക്കുറിച്ചുള്ളത്. എന്നാല്‍ പത്താം പേജില്‍ വിശദമായ വാര്‍ത്ത ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുമുണ്ടാ താനും.

‘ഹിന്ദുസ്ഥാന്‍ ടൈംസി’ല്‍ ആദ്യ പേജില്‍ മാര്‍ച്ചിന്റെ വലിയൊരു ചിത്രം മാത്രമാണുണ്ടായിരുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലെ പോലെ ഉല്‍പ്പേജുകളില്‍ മാത്രമാണ് വിശദമായ വാര്‍ത്ത ഉള്‍പ്പെടുത്തിയിരുന്നത്.

സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളെ വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന ‘ദി ഹിന്ദു’വും മാര്‍ച്ചിനെക്കുറിച്ച് ഒന്നാം പേജില്‍ വാര്‍ത്ത നല്‍കിയില്ല. മറ്റ് ഇംഗ്ലീഷ് പത്രങ്ങളെപ്പോലെ ഉള്‍പ്പേജുകളില്‍ വാര്‍ത്ത നല്‍കുകയാണ് ഉണ്ടായത്. ഒമ്പതാം പേജില്‍ ദേശീയ വിഭാഗത്തിലാണ് ഹിന്ദു വാര്‍ത്ത നല്‍കിയിരിക്കുന്നത്.

മുഖ്യധാരാ മാധ്യമങ്ങളില്‍ കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ചിനെ വേണ്ട പ്രാധാന്യത്തോടെ കണ്ടത് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ മാത്രമാണ്. ഒന്നാം പേജില്‍ ഫോട്ടോയും ‘മുംബൈയില്‍ കര്‍ഷകരുടെ കടല്‍’ എന്ന വലിയ തലക്കെട്ടോടെയുമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത നല്‍കിയത്. കൂടാതെ ഉള്‍പ്പേജുകളില്‍ പ്രത്യേക ഫീച്ചറും ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഉണ്ടായിരുന്നു.


ടെലിവിഷന്‍ ചാനലുകള്‍

എന്‍ഡിടിവി

മുംബൈയിലേക്കുള്ള കര്‍ഷകരുടെ മാര്‍ച്ച് എന്‍ഡിടിവി വളരെ പ്രാധാന്യത്തോടെയാണ് കണ്ടത്. മാര്‍ച്ചിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ വിവരങ്ങള്‍ എന്‍ഡിടിവി നല്‍കിയിരുന്നു. ചാനലില്‍ മാത്രമല്ല, വെബ്‌സൈറ്റിലും ചാനലിന്റെ ട്വിറ്റര്‍ പേജിലും മാര്‍ച്ചിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവര്‍ പുറത്തുവിട്ടു.


 

ഇന്ത്യാ ടുഡേ

മറ്റ് ചാനലുകളെപ്പോലെ ഇന്ത്യാ ടുഡേയും മാര്‍ച്ചിനെ ഗൗരവത്തോടെയാണ് കണ്ടത്. കഴിഞ്ഞ ദിവസം റാലി വിജയകരമായി അവസാനിച്ചപ്പോള്‍ പ്രൈം ടൈം ചര്‍ച്ചയില്‍ കര്‍ഷകരുടെ റാലിയും ദുരിതവും വിഷയമായിട്ടെടുത്തും അവര്‍ മാര്‍ച്ചിന് പ്രാധാന്യം നല്‍കി.

ടൈംസ് നൗ

ടൈംസ് നൗ ചാനലും കര്‍ഷകരുടെ റാലിയുടെ പുരോഗതികള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മാര്‍ച്ചിനേക്കാള്‍ കൂടുതല്‍ പ്രാധാന്യത്തോടെ അവര്‍ വാര്‍ത്തയാക്കിയത് കര്‍ഷകരുയര്‍ത്തിയ ലെനിന്റെ പോസ്റ്ററായിരുന്നു.

സിഎന്‍എന്‍ ന്യൂസ്18

കര്‍ഷകരുടെ റാലിയുടെ കൃത്യമായ പുരോഗതി #ProtestOurFarmers എന്ന ഹാഷ്ടാഗോടെയാണ് ന്യൂസ്18 അവതരിപ്പിച്ചത്. ചാനലിന്റെ പ്രൈം ടൈം ചര്‍ച്ചയിലും കര്‍ഷകരുടെ വിഷയം അവര്‍ മുഖ്യവിഷയമാക്കി.

റിപ്പബ്ലിക് ടിവി

കര്‍ഷകരുടെ ദുരിതത്തേക്കാള്‍ റിപ്പബ്ലിക് ടിവി പ്രാധാന്യം നല്‍കിയത് മുംബൈയിലെ ജനങ്ങള്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ക്കായിരുന്നു. പിന്നീട് റിപ്പബ്ലിക് ടിവി അതിന്റെ സ്ഥിരം വിഷയമായ ശശി തരൂരിലേക്ക് തന്നെ ശ്രദ്ധയൂന്നുകയായിരുന്നു.

മലയാള പത്രങ്ങളും കര്‍ഷകരുടെ പ്രക്ഷോഭത്തിന് അതിന്റേതായ പരിഗണന നല്‍കിയിരുന്നു. ചാനലുകളിലേക്ക് വരുമ്പോള്‍ എല്ലാ ചാനലുകളിലും വാര്‍ത്തകള്‍ വരുന്നുണ്ടായിരുന്നെങ്കിലും ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയ ചാനലുകള്‍ വിഷയം ചര്‍ച്ചയാക്കിയില്ല.