ഫേസ്ബുക്കും ഇന്‍സ്റ്റയും ഇടയ്ക്കിക്ക് പണിമുടക്കുന്നു; ഉടന്‍ പരിഹാരമെന്ന് ഫേസ്ബുക്കിന്റെ ട്വീറ്റ്

വാഷിങ്ടണ്‍: പലയിടങ്ങളിലും ഒന്നില്‍ക്കൂടുതല്‍ തവണ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി. പോസ്റ്റ് ചെയ്യാനും മീഡിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനും ഉപഭോക്താക്കള്‍ക്ക് തടസം നേരിട്ടു. ഇന്ത്യന്‍ സമയം രാത്രി 10 മണിയോടെയാണ് ഫേസ്ബുക് പലര്‍ക്കും പ്രവര്‍ത്തന രഹിതമായത്. ഇന്‍സ്റ്റയിലും സമാനമായ പ്രശ്‌നം നേരിട്ടു. ഫേസ്ബുക് തുറക്കാന്‍ ആകുമെങ്കിലും പോസ്റ്റുകള്‍ക്ക് കമന്റ ചെയ്യാനോ പുതിയ പോസ്റ്റുകള്‍ ചെയ്യാനോ ആകുന്നില്ല എന്ന് ഭൂരിപക്ഷം ഉപഭോക്താക്കളും പരാതിപ്പെട്ടു.അപൂര്‍വം ചിലര്‍ ലോഗിന്‍ പോലും ചെയ്യാന്‍ കഴിയുന്നില്ല എന്ന് അറിയിച്ചു. വാട്‌സാപ്പിലും മീഡിയ ഫയല്‍ ഷെയര്‍ ചെയ്യാന്‍ പലര്‍ക്കും തടസം നേരിട്ടു. പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും ഫേസ്ബുക് ട്വിറ്ററില്‍ അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ശൃംഗലയായ ഫേസ്ബുക്കില്‍ വൈകുന്നേരത്തോടെയാണ് പ്രവര്‍ത്തനങ്ങളില്‍ തടസങ്ങള്‍ നേരിട്ടു തുടങ്ങിയത്. ഗുരുതരമായ വീഴ്ചയാണ് ഫേസ്ബുക്കിന് സംഭവിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍. ഇന്ന് രാവിലെ ജി മെയില്‍ സേവനങ്ങള്‍ക്കും തടസം നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മെസഞ്ചര്‍ സംവിധാനങ്ങള്‍ തടസമില്ലെങ്കിലും പലയിടങ്ങളിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനോ കമന്റുകളിടാനോ സാധിക്കുന്നില്ല. അതേസമയം പ്രശ്‌നം ഡി ഡോസ് അറ്റാക്ക് മൂലം അല്ല എന്നും ഫേസ്ബുക് അറിയിച്ചു