എക്‌സിറ്റ് പോളുകള്‍ എക്‌സാറ്റ് അല്ല; ഫലപ്രവചനത്തെ തള്ളി വെങ്കയ്യ നായിഡു

ന്യൂ ഡൽഹി: എക്‌സിറ്റ് പോളുകള്‍ യഥാര്‍ത്ഥ ജനവിധിയെ പ്രതിഫലിക്കുന്നതായി കരുതുന്നില്ലെന്നും തങ്ങള്‍ അതില്‍ വിശ്വസിക്കുന്നില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ‘1999 മുതല്‍ ഭൂരിഭാഗം എക്‌സിറ്റ് പോളുകളും തെറ്റിയിട്ടുണ്ട്. ഫലം വരുന്നത് വരെ എല്ലാവരും അവരുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.അതിന് അടിസ്ഥാനമൊന്നുമില്ല. അതുകൊണ്ട് നമുക്ക് 23 വരെ കാത്തിരിക്കാം.’എന്നാണ് ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ വെങ്കയ്യ നായിഡു പറഞ്ഞത്.

പുറത്തുവന്ന ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് വന്‍ വിജയം പ്രവചിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന ബിജെപി നേതാവായ വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന ശ്രദ്ധേയമായിരിക്കുകയാണ്. പുറത്തു വന്ന വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം.

ആജ് തക് ആക്സിസ് മൈ ഇന്ത്യാ സര്‍വേ പ്രകാരം ബി.ജെ.പി 175-188 സീറ്റ് നേടുമെന്നാണ് പ്രവചനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 73-96ഉം എസ്.പി- ബി.എസ്.പി പൂജ്യം,മറ്റുള്ളവര്‍ 33-52 സീറ്റുകളും നേടിയേക്കാം എന്നാണ് ഫലപ്രവചനം. ടൈംസ് നൗ എക്സിറ്റ് പോള്‍ പ്രകാരം രാജ്യത്ത് ബി.ജെ.പി 306 സീറ്റു നേടുമെന്നാണ് പ്രവചനം.

നേരത്തേ എന്‍.ഡി.എ അനായാസമായി ഭരണത്തിലെത്തുമെന്ന് ചാണക്യ എക്സിറ്റ് പോള്‍ ഫലം പ്രവചിച്ചിരുന്നു. എന്‍.ഡി.എ 340 സീറ്റ് നേടുമെന്നും യു.പി.എയ്ക്ക് 70 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്നു ഫലം പറയുന്നു.മറ്റു കക്ഷികള്‍ നേടുമെന്ന് പറയുന്നത് 133 സീറ്റാണ്. അതേസമയം ഇതുവരെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍.ഡി.എയ്ക്ക് അഭൂതപൂര്‍വമായ മുന്നേറ്റം പ്രവചിച്ചത് ചാണക്യ മാത്രമാണ്.