പരീക്ഷ എല്ലാ മുന്‍കരുതലോടെയും, എഴുതാനാകാത്തവര്‍ക്ക് അവസരം നഷ്ടപ്പെടില്ല

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയ്‌ക്കെത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും തെര്‍മല്‍ സ്‌കാനിങ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പരീക്ഷ എഴുതാന്‍ സാധിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടന്നും ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടാത്ത രീതിയില്‍ സേ പരീക്ഷക്കൊപ്പം റഗുലര്‍ പരീക്ഷയും നടത്തി ഇത്തരം വിദ്യാര്‍ഥികള്‍ക്ക് അവസരം ഒരുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫിലും ലക്ഷദ്വീപിലും പരീക്ഷാ നടത്തിപ്പിന് എല്ലാ സൗകര്യവുമൊരുക്കി. ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും കണ്ടയ്ന്‍മെന്റ് സോണിലുള്ള വിദ്യാര്‍ഥികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ കുട്ടികള്‍ക്കും പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജമാക്കും. പരീക്ഷ കഴിഞ്ഞെത്തുന്ന കുട്ടികള്‍ കുളിച്ച് ദേഹം ശുദ്ധീകരിച്ച ശേഷം മാത്രമേ വീട്ടുകാരുമായി ഇടപഴകാന്‍ പാടുള്ളു. എല്ലാ സ്‌കൂളുകളും ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും കുട്ടികളുടേയും സംശയ നിവാരണത്തിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഓരോ ജില്ലകളിലേയും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളിലും മേയ് 23 മുതല്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.
പരീക്ഷ കേന്ദ്രങ്ങളിലെത്തുന്ന അധ്യാപകര്‍ ഗ്ലൗസ് ധരിക്കും. ഉത്തരകടലാസുകള്‍ ഏഴുദിവസം പരീക്ഷ കേന്ദ്രത്തില്‍ സൂക്ഷിക്കും. കുട്ടികള്‍ക്ക് ആവശ്യമായ സാനിറ്റൈസര്‍, സോപ്പ് എന്നിവ ലഭ്യമാക്കുന്നതിനു നിര്‍ദേശം നല്‍കി.