സര്‍ക്കാര്‍-ഉദ്യോഗസ്ഥതല തര്‍ക്കം മാറാതെ ഡല്‍ഹി: വേണ്ടി വന്നാല്‍ ഇനിയും കോടതിയെ സമീപിക്കുമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അധികാരത്തര്‍ക്കത്തിനൊടുവില്‍ ആംആദ്മി സര്‍ക്കാരിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥതല സ്ഥിതിഗതികളില്‍ മാറ്റമില്ല. സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കാനാവില്ല എന്ന കാണിച്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ ഫയല്‍ സേവനവകുപ്പ് സെക്രട്ടറി തിരിച്ചയച്ചിരിക്കുന്നതാണ് ഇപ്പോള്‍ പുതിയ വിവാദം.

ഡല്‍ഹി സര്‍ക്കാരും ലഫ്.ഗവര്‍ണറും തമ്മിലുള്ള അധികാരത്തര്‍ക്കക്കേസില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ശരിയായ അധികാരം എന്ന് നിരീക്ഷിച്ച സിപ്രീം കോടതി എഎപി സര്‍ക്കാരിന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. ഭൂമി, പൊതുക്രമം,പോലീസ് എന്നീ വിഷയങ്ങളിലൊഴിച്ച് എല്ലാത്തിലും സര്‍ക്കാരിനാണ് പരമാധികാരം എന്നും കോടതി വ്യക്തമാക്കിയിരുന്നു.
വിധിയെത്തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് മന്ത്രി മനീഷ് സിസോദിയ സേവന വകുപ്പിന് അയച്ചെങ്കിലും ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് കാണിച്ച് വകുപ്പ് സെക്രട്ടറി ഉത്തരവടങ്ങിയ ഫയല്‍ മടക്കി അയക്കുകയായിരിന്നു.

ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിനുളഅള അധികാരം ലഫ്.ഗവര്‍ണര്‍ക്കാണെന്ന 2015 ലെ വിജ്ഞാപനം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്ന് കാണിച്ചാണ് ഫയല്‍ തിരിച്ചയച്ചത്.
എന്നാല്‍ സ്വന്തമായി പുറപ്പെടുവിച്ച സ്ഥലം മാറ്റ ഉത്തരവില്‍ ഗവര്‍ണര്‍ണര്‍ ഒപ്പ വയ്ക്കുകയാണെങ്കില്‍ അത് കോടതിയലക്ഷ്യമാണെന്ന് എഎപി സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. വിഷയം ഇത്തരത്തില്‍ തന്നെ തുടരുകയാണെങ്കില്‍ ഇനിയും കോടതിയെ സമീപിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.