യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍-ലിവര്‍പൂള്‍ പോരാട്ടം

കീവ്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡ് ഇന്ന് ലിവര്‍പൂളിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് കളി തുടങ്ങുന്നത്. ഉക്രൈന്‍ തലസ്ഥാനമായ കീവിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഹാട്രിക് നേട്ടത്തിനൊപ്പം പതിമൂന്നാം കിരീടം ലക്ഷ്യമിട്ടാണ് റയല്‍ മാഡ്രിഡും ആറാം കിരീടം ലക്ഷ്യമിട്ടാണ് ലിവര്‍പൂളും മത്സരിക്കുന്നത്.

സെമിയില്‍ റയല്‍ മാഡ്രിഡ് ബയേണ്‍ മ്യൂണിക്കിനെയും ലിവര്‍പൂള്‍ എ എസ് റോമയെയും വീഴ്ത്തി. റൊണാള്‍ഡോ, ബെന്‍സേമ, ബെയ്ല്‍ എന്നിവര്‍ റയലിനായും സലാ, ഫിര്‍മിനോ, മാനേ എന്നിവര്‍ ലിവര്‍പൂളിനായും ഗോള്‍വേട്ടയ്ക്കിറങ്ങും. മധ്യനിരയില്‍ റയല്‍ കാസിമിറോ, മോഡ്രിച്ച്, ക്രൂസ് എന്നിവരെ ഇറക്കുമ്പോള്‍ ലിവര്‍പൂള്‍ പകരം ഇറക്കുന്നത് ഹെന്‍ഡേഴ്‌സണ്‍, മില്‍നര്‍, വിനാള്‍ഡം എന്നിവരെയാണ്.

റാമോസും മാര്‍സലോയും റയലില്‍ പിന്‍നിരക്കാരെങ്കിലും ഗോളടിക്കാനും ഗോളടിപ്പിക്കാനും മത്സരിക്കുന്നവര്‍. വരാനെയും കാര്‍വഹാലും കൂടിചേരുമ്പോള്‍ റയല്‍കോട്ട കടക്കാന്‍ സലായ്ക്കും സംഘത്തിനും പുതുവഴികള്‍ തുറക്കേണ്ടിവരും.