ജെസ്നയുടെ തിരോധാനം: ദൃശ്യം മോഡൽ കൊലപാതകമെന്ന് രഹസ്യവിവരം; ഏന്തയാറിലെ വീട് വീണ്ടും പരിശോധിക്കും

പത്തനംതിട്ട∙ പത്തനതിട്ടയിൽ നിന്നും കാണാതായ ജെസ്നയുടെ പിതാവ് മുണ്ടക്കയം ഏന്തയാറിൽ നിർമിക്കുന്ന കെട്ടിടം പൊലീസ് ഇന്നു വീണ്ടും പരിശോധിക്കുമെന്നു സൂചന. ആക്‌ഷൻ കൗൺസിൽ സംശയം ഉന്നയിച്ചതിനെതുടർന്ന് ഒരാഴ്ച മുൻപ് അന്വേഷണസംഘം ഇവിടെ പരിശോധന നടത്തിയിരുന്നു. ഇന്നു രാവിലെ വീണ്ടും ഇവിടെയെത്തി നിർമാണത്തിലിരിക്കുന്ന കെട്ടിടവും പരിസരവും പരിശോധിക്കാനാണു പൊലീസ് ആലോചിക്കുന്നത്.

നിർധന വിദ്യാർഥികൾക്കായി കോളജ് നിർമിച്ചു നൽകുന്ന വീടുകളിലൊന്നിന്റെ നിർമാണ കരാർ ജെസ്നയുടെ പിതാവിനായിരുന്നു. 2017 ജൂലൈയിൽ നിർമാണം തുടങ്ങിയെങ്കിലും ഭിത്തി കെട്ടിയശേഷം ജനുവരിയോടെ പണി നിർത്തിവച്ചിരിക്കുകയാണ്. പെട്ടെന്നു നിർമാണം നിർത്തിവച്ചതിനു മതിയായ വിശദീകരണം ലഭിക്കാതിരുന്നതും ഈ വഴിക്കുള്ള അന്വേഷണത്തിനു പൊലീസിനെ പ്രേരിപ്പിച്ചതായാണു വിവരം.
രണ്ട് മുറികളും സ്വീകരണ മുറിയും അടുക്കളയുമുള്ള വീടാണു നിർമിക്കുന്നത്. രണ്ടു മുറികളുടെ തറകളിൽ പുല്ലുകൾ വളർന്നു നിൽക്കുന്നുണ്ടായിരുന്നു. ബാക്കി ഭാഗത്തു പുല്ല് ഇല്ലാത്തതും മണ്ണ് ഇളകി കിടക്കുന്നതും സംശയമുണ്ടാക്കി. രണ്ടാഴ്ച മുൻപു സ്ഥലത്തെത്തി പുല്ല് വെട്ടിത്തെളിച്ചതാണെന്നാണു വീട്ടുടമയുടെ വിശദീകരണം. പൊലീസ് ഇവിടെയുള്ള മണ്ണുകുഴിച്ചു നോക്കിയിട്ടുണ്ട്.

ജെസ്നയുടെ വീട്ടിൽനിന്ന് രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയിരുന്നു. ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ ഇതിന്മേലും അന്വേഷണം നടക്കുകയാണ്. ചെന്നൈ, ബെംഗളൂരു, പുണെ, ഗോവ എന്നിവിടങ്ങളിലേക്കു പൊലീസ് പോയിരുന്നു. മുണ്ടക്കയം, എരുമേലി കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തേ തന്നെ തുടങ്ങിയിരുന്നു. ലഭിക്കുന്ന വിവരങ്ങളെല്ലാം ഒരെണ്ണം പോലും വിടാതെയാണ് പരിശോധന. മിക്കയിടത്തും പോയിത്തന്നെ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ടു നിർണായക വിവരം ലഭിച്ചെന്നും എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം നടത്തുമെന്നും പത്തനംതിട്ട എസ്പി ടി. നാരായണൻ ബുധനാഴ്ച അറിയിച്ചിരുന്നു.