മലപ്പുറത്തെ കുട്ടിയുടെ ആത്മഹത്യ: അന്വേഷണം തുടങ്ങിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം ഇരുമ്പിളിയം ഗവ. ഹൈസ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക എന്ന കുട്ടിയുടെ മരണം ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.
ഓണ്‍ലൈന്‍ ക്ലാസ്സ് ലഭ്യമാകാത്തതിനാല്‍ കുട്ടിക്ക് വിഷമമുണ്ടായിരുന്നെന്ന് അച്ഛന്‍ പറഞ്ഞ സാഹചര്യത്തില്‍, ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രഥമികമായ അന്വേഷണം അനുസരിച്ച് സ്‌കൂളിലെ കുട്ടികളില്‍ 25 പേര്‍ക്ക് ഇന്റര്‍നെറ്റ്, ടിവി സൗകര്യങ്ങള്‍ ഇല്ല എന്ന് കണ്ടെത്തിയിരുന്നു. ദേവികയും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ക്ലാസ് അധ്യാപകന്‍ കുട്ടിയെ വിളിച്ച് സംസാരിക്കുകയും ഇത് പരിഹരിക്കാം എന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇരുമ്പിളിയം പഞ്ചായത്ത് എഡ്യൂക്കേഷന്‍ കമ്മിറ്റി മീറ്റിങ്ങില്‍ വച്ച് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേയും കുട്ടികളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് കര്‍മ്മ പരിപാടികള്‍ തയ്യാറാക്കിയിരുന്നു. സ്‌കൂള്‍ പിടിഎയും കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ്, ടിവി സൗകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ തീരുമാനിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ അവിടെ നടന്നു വരികയാണ്. കൂടുതല്‍ അന്വേഷണം നടക്കുന്നത് കൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.
കഴിഞ്ഞ വാര്‍ത്താസമ്മളനത്തില്‍ പറഞ്ഞ ഒരു കാര്യം കുറച്ചു കൂടി ഊന്നിപ്പറയട്ടെ ഇപ്പോള്‍ ടിവിയോ മൊബൈല്‍ ഫോണോ ഇല്ല എന്നതിന്റെ പേരില്‍ ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടപ്പെടില്ല. രണ്ടാഴ്ച ട്രയലായി സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങള്‍ പിന്നീട് പുനഃസംപ്രേഷണം ചെയ്യും. അവസാനത്തെ കുട്ടിക്കും പഠിക്കാനുള്ള സൗകര്യമൊരുക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം.
നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്തതുമൂലം ഓണ്‍ലൈന്‍ ക്ലാസിന്റെ പ്രയോജനം ലഭിക്കാത്ത ഇടുക്കി ജില്ലയിലെ കണ്ണംപടി, ഇടമലക്കുടി തുടങ്ങിയ ആദിവാസി ഊരുകളില്‍ ഓഫ്‌ലൈന്‍ പഠനസൗകര്യം ഒരുക്കും. സമഗ്ര ശിക്ഷാ കേരളമാണ് ഇതു നടപ്പാക്കുക. മറ്റ് പിന്നോക്ക കേന്ദ്രങ്ങളിലും ഇതേ പഠനസൗകര്യം ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സമഗ്ര ശിക്ഷയുടെ നേതൃത്വത്തില്‍ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങള്‍, വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ച് സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കും. അവിടങ്ങളില്‍ കുട്ടികളെ എത്തിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കാനും സമഗ്ര ശിക്ഷാ കേരളം തീരുമാനിച്ചു.
വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈനില്‍ ക്ലാസുകള്‍ എടുത്ത അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവരെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും.