ട്രംപിന്റെ മറുപടി കത്തില്‍ വ്യാകരണതെറ്റ് വെട്ടിതിരുത്തി ഇംഗ്ലീഷ് അധ്യാപിക

അറ്റ്‌ലാന്റ: ഫ്‌ലോറിഡ സ്‌കൂളിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട് റിട്ടയേര്‍ഡ് ഇംഗ്ലീഷ് അധ്യാപിക യുവോന്‍ മാസന്‍ ട്രംപിന് അയച്ച കത്തിന്റെ മറുപടി കത്താണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. കത്തില്‍ കണ്ട തെറ്റിനെ വെട്ടിതിരുത്തി തിരിച്ചയച്ചു. കത്തും തിരുത്തും സമൂഹ മാധ്യമങ്ങളിലുമിട്ടു.

വൈറ്റ് ഹൗസില്‍ നിന്നെത്തിയ ഔദ്യോഗിക കത്ത് തലങ്ങും വിലങ്ങും വായിച്ച് വെട്ടിതിരിച്ചയച്ച് കലിയടക്കി മാസന്‍. ഇങ്ങനെയാണോ ഇംഗ്ലീഷ് എഴുതേണ്ടത് എന്നാണ് 17 കൊല്ലം മിഡില്‍ സ്‌കൂള്‍, ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന മാസന്റെ ചോദ്യം. കത്തില്‍ മുഴുവനും ഗ്രാമര്‍ പിഴകളും സ്‌പെല്ലിങ് പ്രശ്‌നങ്ങളുമാണ്.

സമൂഹ മാധ്യമങ്ങളിലിട്ട കുറിപ്പില്‍, ‘കത്ത് ട്രംപ് നേരിട്ടെഴുതിയതല്ല എന്നറിയാം. പക്ഷേ ഉന്നതസ്ഥാനീയരുടെ കത്തുകള്‍ക്ക് മിനിമം യോഗ്യതയെങ്കിലും വേണ്ടേ’ എന്നു മാസന്‍ ചോദിക്കുന്നു. മാത്രമല്ല, താനയച്ച കത്തിനുള്ള ശരിയായ മറുപടി ട്രംപിന്റെ കത്തിലില്ല എന്നതും അവരെ ചൊടിപ്പിക്കുന്നുണ്ട്.