ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന

ന്യൂഡൽഹി: ജെറ്റ് എയര്‍വെയ്സ് കമ്പനിയുടെ സ്ഥാപകന്‍ നരേഷ് ഗോയലിന്റെ സ്ഥാപനങ്ങളിലും വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. നരേഷ് ഗോയലിന്റെ മുംബൈയിലെയും ഡല്‍ഹിയിലെയും സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടന്നത്. വിദേശ വിനിമയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

2014 ല്‍ ജെറ്റ് പ്രിവിലേജ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും ഇത്തിഹാദ് ഓഹരികള്‍ ഏറ്റെടുത്തപ്പോള്‍ നേരിട്ടുള്ള വിദേശ വിനിമയ ചട്ട (എഫ്.ഡി.ഐ) ലംഘനം നടന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സ് ഈ വര്‍ഷം തുടക്കത്തില്‍ തന്നെ അനിശ്ചിതകാലത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടവും സംഭവിച്ചിരുന്നു. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ പരിശോധനകളില്‍ ഫണ്ട് വകമാറ്റല്‍ ഉള്‍പ്പടെയുള്ള ക്രമക്കേടുകള്‍ ജെറ്റ് എയര്‍വെയ്സ് നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.

കഴിഞ്ഞ മാര്‍ച്ച് മാസം ഗോയലിനെ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. നിലവില്‍ കമ്പനിയുടെ പ്രതിസന്ധികളെ തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് നരേഷ് ഗോയലിന് വിദേശത്ത് പോകുന്നതിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.