പഞ്ചായത്തംഗത്തെ അയോഗ്യയാക്കാനാകില്ല, മീണയെ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോഡ് മണ്ഡലത്തിലെ പിലാത്തറ യു.പി സ്‌കൂളില്‍ കള്ളവോട്ട് ചെയ്ത സി.പി.എം പഞ്ചായത്തംഗം എന്‍. പി സലീനയെ അയോഗ്യയാക്കണമെന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയയുടെ ശുപാര്‍ശ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ഇത്തരമൊരു ശുപാര്‍ശ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന കണ്ടെത്തലോടെയാണ് ടിക്കാറാം മീണയുടെ നടപടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.

എന്‍.പി.സലീന കളളവോട്ടു ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇത് ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നുമായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്്. പെരുമാറ്റ ദൂഷ്യം സംബന്ധിച്ചോ ആള്‍മാറാട്ടം സംബന്ധിച്ചോ ഉള്ള കുറ്റത്തിന് കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ മാത്രമെ ഒരു പഞ്ചായത്തംഗത്തെ അയോഗ്യനാക്കുവാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു കമ്മീഷന്റെ മറുപടി.

അതേസമയം പഞ്ചായത്തംഗത്തെ അയോഗ്യയാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് ടിക്കാറാം മീണ പ്രതികരിച്ചു. അയോഗ്യത എന്ന വാക്ക് തന്റെ കത്തിലില്ല. ഉചിതമായ നടപടി എടുക്കണമെന്ന് മാത്രമായിരുന്നു നിര്‍ദ്ദേശമെന്ന് മീണ കൂട്ടിച്ചേര്‍ത്ത്ു.

പിലാത്തറ പത്തൊന്‍പതാം നമ്ബര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു. പത്മിനി, സെലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്‌തെന്ന് ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു.