എട്ടുവയസുകാരിക്ക് മറക്കാനാകാത്ത പിറന്നാള്‍ ദിനമൊരുക്കി ദുബായ് പോലീസ്

ദുബായ്: റുമാനിയന്‍ ബാലികയുടെ പിറന്നാള്‍ അവിസ്മരണീയമാക്കി ദുബായ് പോലിസ്. അലക്‌സാന്‍ഡിയ തന്റെ എട്ടാം പിറന്നാള്‍ കൂട്ടുകാര്‍ക്കൊപ്പം ദുബായ് പോലീസ് അക്കാദമി മ്യൂസിയത്തിലാണ് ആഘോഷിച്ചത്. ദുബായ് പോലീസിന്റെ കടുത്ത ആരാധികയായ അലക്‌സാന്‍ഡ്രിയ അവസരം കിട്ടുമ്പോഴെല്ലാം അവരോടുള്ള ആദരവ് പ്രകടിപ്പിക്കാറുണ്ടെന്നും തന്റെ മകളുടെ പിറന്നാളില്‍ പാര്‍ട്ടിയൊരുക്കി സന്തോഷിപ്പിക്കാന്‍ സാധിക്കുമോ എന്നും അലക്‌സാന്‍ഡ്രിയയുടെ അമ്മ ഇ-മെയിലിലൂടെ പോലീസിനെ അറിയിച്ചു. കുട്ടിയുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കാമെന്നേറ്റ അല്‍ ബാഷ പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍, ബ്രിഗേഡിയര്‍ അബ്ദുല്‍ റഹീം ബിന്‍ ഷഫി, സഹപ്രവര്‍ത്തകരെ വിവരമറിയിച്ചു.പിറന്നാള്‍ ദിനത്തില്‍ പോലീസ് സ്‌കൂളില്‍ വാഹനത്തിലെത്തി കുട്ടിയെ പോലീസ് അക്കാദമിയിലേക്ക് വിളിച്ചു കൊണ്ടു വരുകയായിരുന്നു.

മറ്റൊരു ബസില്‍ അലക്‌സാന്‍ഡ്രിയയുടെ കൂട്ടുകാരെയും പൊലീസ് കൂട്ടിക്കൊണ്ടുവന്നു. പൊലീസ് കാറില്‍ നിന്നിറങ്ങിയ ഉടന്‍ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ പലതരം പൂക്കള്‍ നിറഞ്ഞ മനോഹരമായബൊക്കെ നല്‍കി അലക്‌സാന്‍ഡ്രിയയെ സ്വീകരിച്ചു. ഭംഗിയായി അലങ്കരിച്ച മ്യൂസിയത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. അലക്‌സാന്‍ഡ്രിയയുടെ അടുത്ത ബന്ധുക്കളും ദുബായ് പൊലീസ് ഉദ്യോഗസ്ഥരും അവിടെ സന്നിഹിതരായിരുന്നു. കുട്ടിയുടെ പേരും ദുബായ് പൊലീസ് ലോഗോയും ഉള്ള കേക്ക് മുറിച്ചും പാട്ടുപാടിയും എല്ലാവരും അലക്‌സാന്‍ഡ്രിയയുടെ പിറന്നാള്‍ ആഘോഷിച്ചു. വളരെ സന്തോഷത്തോടെയും മറക്കാനാകാത്ത അനുഭവങ്ങളോടെയും ആണ് അലക്‌സാന്‍ഡ്രിയ വീട്ടിലേക്കു മടങ്ങിയതെന്നും ദുബായ് പൊലീസിന്റെ നന്മയില്‍ ഒരുപാട് നന്ദിയറിയിക്കുന്നുവെന്നും അലക്‌സാന്‍ഡ്രിയയുടെ അമ്മ പറഞ്ഞു