ക്ലാസുകള്‍ ഉടനെ തുടങ്ങാവുന്ന സാഹചര്യം സംജാതമായിട്ടില്ലെന്ന് മുഖ്യമന്ത്രി, ചര്‍ച്ചനടത്തി തീരുമാനിക്കും

തിരുവനന്തപുരം: അടുത്ത അക്കാദമിക വര്‍ഷം ‘സീറോ അക്കാഡമിക് വര്‍ഷം’ ആക്കണമെന്ന ചര്‍ച്ച ദേശീയതലത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. അധ്യയനവും പരീക്ഷയും ഒഴിവാക്കുന്ന രീതിയാണ് ‘സീറോ അക്കാദമിക് വര്‍ഷം’ എന്ന് ഉദ്ദേശിക്കുന്നത്. യുജിസി ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല.
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും കോളേജുകളിലും കഴിഞ്ഞ സെമെസ്റ്ററുകളുടെ അവസാന ഭാഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് പൂര്‍ത്തിയാക്കിയത്. എല്ലാ വിദ്യാര്‍ത്ഥികളിലും ഓണ്‍ലൈന്‍ പഠനം എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സാധാരണ രീതിയില്‍ കഌസ്സുകള്‍ ഉടനെ തുടങ്ങാവുന്ന സാഹചര്യം സംജാതമായിട്ടില്ല. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസ്സുകള്‍ ആരംഭിക്കാമെന്ന നിര്‍ദേശം ചില കോണുകളില്‍നിന്ന് വന്നിട്ടുണ്ട്. ഓണ്‍ലൈന്‍ രീതികളും തുടരേണ്ടിവരും. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണന, സുരക്ഷയും വിദ്യാഭ്യാസവുമാണ്, സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന.
എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ റഗുലര്‍ ക്ലാസ്സുകള്‍പോലെ ടൈംടേബില്‍ അനുസരിച്ചാണ് നടത്തുന്നത്. അദ്ധ്യാപകര്‍ ക്ലാസെടുക്കുന്നുണ്ടെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഉറപ്പുവരുത്തും. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് അദ്ധ്യാപകരും ഉറപ്പുവരുത്തുന്നു. പുതിയ കേന്ദ്ര തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായി പരിശോധനകള്‍ നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കും.

എല്‍എല്‍ബി
ഈ വര്‍ഷത്തെ ത്രിവല്‍സര,പഞ്ചവല്‍സര എല്‍എല്‍ബി കോഴ്‌സുകളിലേയ്ക്ക് 60 വിദ്യാര്‍ത്ഥകളടങ്ങിയ ബാച്ചിനുമാത്രമേ അംഗീകാരം നല്‍കുകയുള്ളൂ എന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അറയിച്ചിരിക്കുകയാണ്. ഇത് പ്രകാരം സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലായി 240 സീറ്റുകള്‍ നഷ്ടപ്പെടും. ഈ സാഹചര്യത്തില്‍ നഷ്ടപ്പെടുന്ന സീറ്റുകള്‍ മുഴുവന്‍ അഡീഷണല്‍ ബാച്ചുകള്‍ തുടങ്ങി നികത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഫലത്തില്‍ ഒരു സീറ്റുപോലും കുറയില്ലെന്ന് മാത്രമല്ല കൂടുകയാണ് ചെയ്യുക.