വ്യവസായ രംഗത്ത് പുതിയ ഉണര്‍വ്; സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

ന്യൂ ഡൽഹി: സാമ്പത്തിക മാന്ദ്യം നേരിടാന്‍ കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്ത് വ്യവസായരംഗത്ത് ഉണര്‍വ് വ്യക്തമാണ് എന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നിക്ഷേപങ്ങള്‍ കാര്യമായി വരുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രണവിധേയമാണ് എന്ന് നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടു. പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിര്‍ത്താനായി. കൂടുതല്‍ വായ്പ ലഭ്യമാക്കും.

ബാങ്കിംഗ് മേഖലയുടെ പരിഷ്‌കരണത്തിന് ശേഷം നികുതി പരിഷ്‌കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നികുതി റിട്ടേണുകള്‍ പൂര്‍ണമായും ഇ റിട്ടേണ്‍ ആക്കും. ഈ മാസം 19ന് ബാങ്ക് മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മളേനത്തില്‍ അറിയിച്ചു. ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് പുതിയ നികുതി ഘടന കൊണ്ടുവരും.

നികുതി നല്‍കാനുള്ള നടപടികള്‍ സുതാര്യമാക്കും. ഓണ്‍ലൈന്‍ സംവിധാനം വിപുലവും ലളിതവുമാക്കും. ചെറിയ നികുതി പിഴവുകള്‍ക്ക് ശിക്ഷ ഒഴിവാക്കും. കയറ്റുമതി ചുങ്കത്തിനായി ജനുവരി മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും.

നാണ്യപെരുപ്പം നിയന്ത്രിതമാണെന്നും രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

സമ്പദ് വ്യവസ്ഥ പുനരുജ്ജീവന പാതയിലാണ്. ഓഗസ്റ്റിലെ കരുതല്‍ ശേഖരത്തില്‍ വര്‍ധനയുണ്ടെന്നും നിക്ഷേപ നിരക്ക് കൂടുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.