ഡല്‍ഹി യൂണിവേഴ്‌സിറ്റി ചെയര്‍മാനായ എബിവിപി നേതാവിന്റേത് വ്യാജ സര്‍ട്ടിഫിക്കറ്റ്; നാണക്കേടില്‍ എബിവിപി

കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍വകലാശാല ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവ് അങ്കിവ് ബൈസോയ സര്‍വകലാശലയില്‍ പ്രവേശനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും ഹാജരാക്കിയെന്ന് ആരോപണം.തമിഴ് നാട്ടിലെ തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ നിന്നുള്ള ബിഎ സര്‍ട്ടിഫിക്കറ്റാണ് പ്രവേശനത്തിനായി ബൈസോയ ഹാജരാക്കിയിരുന്നത്.

എന്‍എസ്‌യു തമിഴ്‌നാട് ഘടകം ഇക്കാര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി സര്‍വകലാശാലക്ക് നല്‍കിയ പരാതിയില്‍ അനേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ബൈസോയയുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് തമിഴ് നാട് കോണ്‍ഗ്രസ് കമ്മിറ്റി എസ് സി സെല്‍ സമര്‍പ്പിച്ച പരാതിയില്‍ തിരുവള്ളുവര്‍ സര്‍വകലാശാല പരീക്ഷാ വിഭാഗം നല്‍കിയ മറുപടിയില്‍ മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്ന് വ്യക്തമാക്കുന്നുണ്ട്.

ഈ മറുപടിയും ബസോയിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റും സഹിതമാണ് എന്‍ എസ് യു പരാതി നല്‍കിയിട്ടുള്ളത്. എം എ ബുoദ്ധിസ്റ്റ് സ്റ്റഡീസിനാണ് ബസോയി പ്രവേശനം നേടിയത്.പ്രവേശന സമയത്ത് ഹാജരാക്കിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സഹിതമാണ് തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ കോണ്‍ഗ്രസ് അപേക്ഷ സമര്‍പ്പിച്ച് മറുപടി വാങ്ങിയതെന്ന് എന്‍എസ് യു നേതാക്കള്‍ അറിയിച്ചു.

എന്നാല്‍ പ്രവേശന നടപടികള്‍ സര്‍വകലാശാലയുടെ പരിശോധനക്ക് ശേഷമാണ് നടന്നതെന്നും എന്‍എസ് യു അല്ല സര്‍ട്ടിഫിക്കറ്റ് യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കേണ്ടതെന്നും എബിവിപി നേതാക്കള്‍ പറഞ്ഞു.

1744 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എബിവിപി സ്ഥാനാര്‍ത്ഥിയായ ബൈസോയ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എന്‍ എസ് യു ജയിച്ചപ്പോള്‍ വൈസ് ചെയര്‍മാന്‍,ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളും എബിവിപി നേടിയിരുന്നു