ദുബായില്‍ ബസ് അപകടത്തില്‍ മരിച്ച 17 പേരില്‍ ആറ് മലയാളികള്‍

ദുബായ്: ദുബായിൽ ബസ് അപകടത്തിൽപ്പെട്ട് ആറ് മലയാളികളടക്കം പതിനേഴ് മരണം. മരിച്ചവരിൽ നാല് മലയാളികളെ തിരിച്ചറിഞ്ഞു. മസ്‌കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്‌. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. മരിച്ച ആറ് മലയാളികളില്‍ നാല് പേരുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. രണ്ട് പേരെ തിരിച്ചറിയാനുണ്ട്. തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, തൃശ്ശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ഒമാനില്‍ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒമാന്‍ നമ്പര്‍ പ്ളേറ്റുള്ള ടൂറിസ്റ്റ് ബസാണ് അല്‍ റാഷിദിയ എക്സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവര്‍ റാഷിദ് ആസ്പത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. വിവിധ രാജ്യങ്ങളിലുള്ള 31 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.

ആകെ പത്ത് ഇന്ത്യാക്കാരാണ് അപകടത്തിൽ മരിച്ചത്. ഇന്ത്യാക്കാർക്ക് പുറമേ ഒരു ഒമാൻ സ്വദേശി, ഒരു അയർലണ്ട് സ്വദേശി, രണ്ട് പാകിസ്ഥാൻ സ്വദേശികൾ എന്നിവരുടെ മൃതശരീരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനുള്ളത്. മരിച്ച ദീപക്കിന്‍റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യാക്കാർ ദുബായ് റാഷിദ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

റാഷിദ് ആസ്പത്രിയിലായിരുന്ന മൃതദേഹങ്ങള്‍ പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊതു അവധി ദിവസമായ വെള്ളിയാഴ്ച അപകടം നടന്നതുകൊണ്ട് നടപടിക്രമങ്ങൾക്ക് ട്രാഫിക് കോർട്ടിന്‍റെ അനുമതികൂടി വേണം. ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ നാളെ മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരാനാകൂ. എന്നാൽ എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്‍റെ നേതൃത്വത്തിൽ നടക്കുന്നത്.