ഇന്ത്യന്‍ ടീമിന് കുളിക്കാനുള്ള സമയം രണ്ട് മിനിറ്റ്; കേപ്ടൗണില്‍ വെള്ളം ഉപയോഗിക്കുന്നതിലും കടുത്ത നിയന്ത്രണം

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് വെള്ളം ഉപയോഗിക്കുന്നതില്‍ കടുത്ത നിയന്ത്രണം. മത്സരം നടക്കുന്ന കേപ്ടൗണില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരള്‍ച്ചയാണ് കടുത്ത നിയന്ത്രണങ്ങള്‍ താരങ്ങള്‍ക്ക് മേല്‍ ചുമത്താന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.

കളിനടക്കുന്ന ദിവസങ്ങളില്‍ രണ്ട് മിനിറ്റിനുള്ളില്‍ കുളിച്ചു തീര്‍ക്കണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യന്‍ താരങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. പ്രാഥമികാവശ്യങ്ങള്‍ക്കു പോലും വെള്ളം ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ കേപ്ടൗണിലെ മത്സര ശേഷം പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി കൊഹ്ലിപ്പട സെഞ്ചൂറിയനിലേക്കും ജോഹന്നാസ്ബെര്‍ഗിലേക്കും നീങ്ങുന്നതോടെ നിയന്ത്രണം എടുത്തുമാറ്റും എന്നാണ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിന്റെ വിശദീകരണം.

ബാറ്റസ്മാന്മാരുടെ ശവപ്പറമ്പായി കുപ്രസിദ്ധിയാര്‍ജ്ജിച്ച കേപ്ടൗണിലെ പിച്ചില്‍ പതിവുപോലെ പച്ചപ്പ് നിലനിര്‍ത്തുന്നതിന് പോലും കടുത്ത ജലക്ഷാമം തടസ്സമാവുന്നുണ്ടെന്ന് പിച്ച് ക്യൂറേറ്റര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ വിക്കറ്റുകള്‍ക്ക് സമാനമായി മത്സരത്തിന്റെ അവസാന ദിവസങ്ങളില്‍ പിച്ചിന്റെ വേഗം കുറയുകയും സ്പിന്നര്‍മാര്‍ക്ക് അനുകൂലമായിത്തീരുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ആദ്യദിനം ടോസ് നിര്‍ണായകമാവും.